മെസ്സിയെക്കാൾ സാലറി ഓഫർ ചെയ്തു, നിരസിച്ച് എംബപ്പേ!
സ്പാനിഷ് വമ്പൻമാരായ റയൽ വലിയ ഓഫറുകൾ നൽകിയിട്ടും സൂപ്പർ താരം കിലിയൻ എംബപ്പേയെ വിട്ടു നൽകാൻ പിഎസ്ജി തയ്യാറായിരുന്നില്ല. ഇതോടെ എംബപ്പേ ഈ സീസണിൽ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പായിരുന്നു. എന്നാൽ അടുത്ത സമ്മറിൽ താരം ഫ്രീ ഏജന്റാവുന്നതിന് മുമ്പേ എംബപ്പേയുടെ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളും അവർ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം എംബപ്പേക്ക് ഒരു ഓഫർ പിഎസ്ജി നൽകിയിരുന്നു.45 മില്യൺ യൂറോ സാലറിയുള്ള രണ്ട് വർഷത്തെ കരാറായിരുന്നു പിഎസ്ജി എംബപ്പേക്ക് വാഗ്ദാനം ചെയ്തത്. 45 മില്യൺ യൂറോയെന്നത് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന മെസ്സിക്ക് ലഭിക്കുന്നതിനേക്കാൾ വലിയ തുകയാണ്. ഇതും എംബപ്പേ നിരസിച്ചതായാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
He said no to a lot of money. 😳https://t.co/Qw8DFQAgM4
— MARCA in English (@MARCAinENGLISH) September 1, 2021
എത്രയും പെട്ടന്ന് കരാർ പുതുക്കുക എന്ന ഉദ്ദേശത്തോടെയാണ് പിഎസ്ജി രണ്ട് വർഷവും 45 മില്യണും ഓഫർ ചെയ്തത്. എന്നാൽ എംബപ്പേ ഇതിനൊന്നും വഴങ്ങുന്ന ലക്ഷണമില്ല. പക്ഷേ പിഎസ്ജി ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. എന്തെന്നാൽ ഈ വരുന്ന ജനുവരിയിൽ താരവുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാൻ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പക്ഷേ എംബപ്പേയുടെ ലക്ഷ്യം റയലാണ്. അത്കൊണ്ട് തന്നെ ജനുവരിയിൽ റയൽ താരത്തെ സമീപിക്കുന്നതിന് മുന്നെ എന്ത് വിലകൊടുത്തും എംബപ്പേയുടെ കരാർ പുതുക്കാനാണ് പിഎസ്ജിയുടെ ശ്രമം. ചുരുക്കത്തിൽ ഇവിടെ തീരുമാനം കൈകൊള്ളേണ്ടയാൾ എംബപ്പേയാണ്. പിഎസ്ജിയാണോ, റയലാണോ അതല്ലാ, മറ്റുള്ള ക്ലബുകൾ ഏതെങ്കിലുമാണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം എംബപ്പേയിൽ നിക്ഷിപ്തമാണ്.