മെസ്സിയുടെ വിടവാങ്ങലിൽ നിന്നും ഇപ്പോഴും ഞങ്ങൾ മുക്തരായിട്ടില്ല : തുറന്ന് സമ്മതിച്ച് സാവി!
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയോട് വിട പറഞ്ഞിട്ട് ഇപ്പോൾ ഒരു വർഷത്തിന് മേലെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 2021ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലെത്തിയത്.മെസ്സിയുടെ വിടവാങ്ങൽ എല്ലാ അർത്ഥത്തിലും വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നില്ല.
ഏതായാലും ബാഴ്സയുടെ പരിശീലകനായ സാവി ഇപ്പോൾ ഒരു തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ വിടവാങ്ങലിൽ നിന്നും ബാഴ്സ ഇപ്പോഴും മുക്തി നേടിയിട്ടില്ല എന്നാണ് സാവി സമ്മതിച്ചിട്ടുള്ളത്. എന്നാൽ പുതിയ താരങ്ങളിൽ സാവി പ്രതീക്ഷയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാഴ്സ പരിശീലകന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 9, 2022
” മെസ്സിയുടെ വിടവാങ്ങലിൽ നിന്ന് മുക്തി നേടാനോ അതിനെ മറികടക്കാനോ ഞങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.കാരണം ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ്. ഏതായാലും ഇവിടെ ഇപ്പോൾ ചരിത്രം കുറിക്കാൻ കെൽപ്പുള്ള താരങ്ങളെ ഞങ്ങൾക്ക് ലഭ്യമാണ്.പക്ഷേ അത് എളുപ്പമുള്ള ഒരു കാര്യമല്ല ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ എഫ് സി ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്. റോബർട്ട് ലെവന്റോസ്ക്കി ഉൾപ്പെടെയുള്ള താരങ്ങൾ ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതും. അതുകൊണ്ടുതന്നെ ഈ സീസണിൽ കൂടുതൽ കിരീടങ്ങൾ നേടിക്കൊണ്ട് തങ്ങളുടെ കിരീടക്ഷാമത്തിന് അറുതി വരുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്സയും സാവിയുമുള്ളത്.