മെസ്സിയുടെ പാസിൽ നിന്നും റാകിറ്റിച്ചിന്റെ ഗോൾ, നിർണായകവിജയം നേടി ബാഴ്സ ഒന്നാമത്
ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബാഴ്സക്ക് നിർണായക ജയം. അത്ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സ വിലപ്പെട്ട മൂന്നു പോയിന്റുകൾ കരസ്ഥമാക്കിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും സാധിച്ചിട്ടുണ്ട്. ബാഴ്‌സയുടെ പ്രകടനം അത്ര ആശാവഹമല്ലെങ്കിലും അതിനിർണായകമായ പോയിന്റുകൾ കരസ്ഥമാക്കിയതിന്റെ ആശ്വാസത്തിലാണ് ആരാധകർ. മത്സരത്തിന്റെ എഴുപത്തിയൊന്നാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പാസിൽ നിന്നും റാക്കിറ്റിച് നേടിയ ഗോളാണ് ബാഴ്സക്ക് വിലപ്പെട്ട വിജയം സമ്മാനിച്ചത്. ഇതോടെ മുപ്പത്തിയൊന്ന് മത്സരങ്ങളിൽ നിന്ന് ഇരുപത്തിയൊന്ന് വിജയവുമായി 68 പോയിന്റോടെയാണ് ബാഴ്‌സ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുന്നത്.
What a outstanding goal from Rakitic! pic.twitter.com/YhoHDhpUn1
— 🎗️™ (@TotalGriezmann) June 23, 2020
പതിവ് പോലെ മികച്ച നിരയെ തന്നെയാണ് പരിശീലകൻ കീക്കെ സെറ്റിയൻ കളത്തിലേക്കിറക്കി വിട്ടത്. മെസ്സി-സുവാരസ്-ഗ്രീസ്‌മാൻ ത്രയത്തിനായിരുന്നു ആക്രമണചുമതല. എന്നാൽ ഇത് പ്രതീക്ഷിച്ച പോലെ ഫലം കണ്ടില്ല എന്ന് പറയാം. തുടക്കത്തിൽ സുവാരസിന് ഒരു ഗോളവസരം ലഭിച്ചുവെങ്കിലും അത് ഗോളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞില്ല. ഇടയ്ക്കിടെ ബാഴ്സ ഗോൾ മുഖത്ത് ആക്രമണങ്ങൾ നടത്തി ഞെട്ടിക്കാനും ബിൽബാവോക്ക് കഴിഞ്ഞു. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. 64-ആം മിനിറ്റിൽ പകരക്കാരനായി എത്തിയ റാക്കിറ്റിച് 71-ആം മിനിറ്റിൽ ഗോളും നേടി. മെസ്സി നൽകിയ പന്ത് ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഗോളുകളൊന്നും നേടാൻ കഴിയാത്ത ബാഴ്സ ഈ ഗോളിൽ തടിതപ്പുകയായിരുന്നു. 56-ആം മിനുട്ടിൽ പകരക്കാരന്റെ വേഷത്തിലിറങ്ങിയ റിക്കി പ്യൂഗ് മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രശംസ പിടിച്ചു പറ്റി.
1 GOAL=3 POINTS! pic.twitter.com/NSbvOU7brv
— FC Barcelona (@FCBarcelona) June 23, 2020