മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പണികൊടുത്തു, ബാഴ്‌സക്ക്‌ സംഭവിച്ചത് വൻനഷ്ടം !

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടാൻ ശ്രമിച്ചിരുന്നത്. ക്ലബ് വിടാൻ അനുവാദം ചോദിച്ചത് മുതൽ ഒരാഴ്ച്ചക്ക്‌ മേലെ ഫുട്ബോൾ ലോകത്താകമാനം ചർച്ച മെസ്സിയുടെ ട്രാൻസ്ഫറായിരുന്നു. എന്നാൽ പിന്നീട് മെസ്സി തന്നെ ബാഴ്‌സയിൽ തുടരുമെന്ന് തുറന്നു പറഞ്ഞതോടെയാണ് ഇതിന് വിരാമമായത്. പക്ഷെ മെസ്സിയുടെ ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ബാഴ്‌സക്ക്‌ വരുത്തിയ നഷ്ടം ചില്ലറയൊന്നുമല്ല. 25 മില്യൺ യൂറോയാണ് ബാഴ്സക്ക്‌ ഇക്കാരണത്താൽ നഷ്ടം സംഭവിച്ചത്. എഫ്സി ബാഴ്സലോണയുടെ സ്പോൺസർമാരായ റാക്കുറ്റെനാണ് കരാർ പുതുക്കിയപ്പോൾ തുക കുറച്ചത്. മെസ്സി ക്ലബ് വിട്ടേക്കുമെന്ന കാരണത്താലാണ് വലിയ തോതിലുള്ള തുക ബാഴ്സക്ക്‌ നൽകാൻ ഇവർ തയ്യാറാകാതെയിരുന്നത്. ജാപ്പനീസ് കമ്പനിയായ റാക്കുറ്റെനുമായി ഈ വർഷം കരാർ പുതുക്കുകയായിരുന്നു. ഒരു വർഷത്തേക്കാണ് കരാർ നീട്ടിയത്. ഇതുപ്രകാരം 2022 വരെ ബാഴ്‌സയുടെ സ്പോൺസർമാരായി റാക്കുറ്റെൻ തുടരും.

2017-ലായിരുന്നു ഇവർ ബാഴ്സയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. 2021 വരെയായിരുന്നു കരാറുണ്ടായിരുന്നത്. ഈ കരാർ പ്രകാരം 55 മില്യൺ യൂറോയും കൂടാതെ ആഡ് ഓൺസുമാരുന്നു ബാഴ്‌സക്ക്‌ കിട്ടിപോന്നിരുന്നത്. എന്നാൽ ഇപ്രാവശ്യം കരാർ പുതുക്കിയപ്പോൾ അത് റാക്കുറ്റെൻ കുറക്കുകയായിരുന്നു. 30 മില്യൺ + ആഡ് ഓൺസ് എന്നാണ് അവർ പുതുക്കി നിശ്ചയിച്ചത്. ഇതോടെ 25 മില്യൺ യൂറോയാണ് ബാഴ്‌സക്ക്‌ നഷ്ടം വന്നത്. സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ടാൽ അത് ക്ലബ്ബിന്റെ സ്വീകാര്യതയും ആരാധകപിന്തുണയും കുറയാൻ കാരണമാവുമെന്ന ഭയത്താലാണ് റാക്കുറ്റെൻ ഒരു വർഷത്തേക്ക് മാത്രം കരാർ പുതുക്കിയതും സ്പോൺസർഷിപ് തുക കുറച്ചതും. ഏതായാലും സാമ്പത്തികപ്രതിസന്ധി കൊണ്ട് ഉഴലുന്ന ബാഴ്സക്ക്‌ ഇതും തിരിച്ചടിയേൽപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *