മെസ്സിയും ക്രിസ്റ്റ്യാനോയും പോയത് ലാലിഗയെ ബാധിച്ചിട്ടില്ല,എംബപ്പേയുടെ വരവ് സഹായകരമാകും:ടെബാസ്
2018ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത്. പിന്നീട് 2021ൽ മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സി ബാഴ്സലോണ വിട്ടു. രണ്ട് താരങ്ങളും ലാലിഗ വിട്ടത് തീർച്ചയായും അവർക്ക് ക്ഷീണം ചെയ്ത കാര്യമായിരുന്നു. മെസ്സിയും റൊണാൾഡോയും ഉണ്ടായിരുന്ന സമയത്തായിരുന്നു ലാലിഗ അതിന്റെ ഏറ്റവും ഉന്നതിയിൽ എത്തി നിന്നിരുന്നത്.
പക്ഷേ ക്രിസ്റ്റ്യാനോയും മെസ്സിയും ലീഗ് വിട്ടത് തങ്ങൾക്ക് ക്ഷീണം ചെയ്തിട്ടില്ല എന്നുള്ള കാര്യം ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് പറഞ്ഞിട്ടുണ്ട്. എന്നാൽ അവർ രണ്ടുപേരും ഉണ്ടായിരുന്നെങ്കിൽ കൂടുതൽ വളർച്ച കൈവരിക്കുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. മാത്രമല്ല കിലിയൻ എംബപ്പേയുടെ വരവ് ലാലിഗയെ സഹായിക്കുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ടെബാസിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” മെസ്സിയും റൊണാൾഡോയും ലീഗ് വിട്ടത് ഞങ്ങൾക്ക് നാശനഷ്ടങ്ങൾ ഒന്നും സംഭവിക്കാൻ കാരണമായിട്ടില്ല.കാരണം ലീഗ് ഒരിക്കലും ചുരുങ്ങി പോയിട്ടില്ല.പക്ഷേ അവർ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കുമായിരുന്നു. മെസ്സിയും നെയ്മറും എംബപ്പേയും ഉണ്ടായിട്ടും ഫ്രഞ്ച് ലീഗിന് വളരാൻ കഴിഞ്ഞിട്ടില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിട്ടും ഇറ്റാലിയൻ ലീഗിന്റെ ഇന്റർനാഷണൽ വരുമാനം വർദ്ധിച്ചിട്ടില്ല. പക്ഷേ ആ രണ്ടുപേരെയും നഷ്ടമായിട്ടും ഞങ്ങൾക്ക് ഇതൊക്കെ നിലനിർത്താൻ സാധിച്ചു. കാരണം മികച്ച താരങ്ങൾ ഉള്ളതുകൊണ്ടുതന്നെ വളരെ കോമ്പറ്റീറ്റീവ് ആയി നിലകൊള്ളാൻ ഞങ്ങൾക്ക് കഴിയുന്നു.ഇപ്പോൾ ബെല്ലിങ്ങ്ഹാം,ലെവന്റോസ്ക്കി,ഗ്രീസ്മാൻ എന്നിവരൊക്കെ ഞങ്ങളെ സഹായിക്കുന്നു.എംബപ്പേ വരികയാണെങ്കിൽ തീർച്ചയായും അദ്ദേഹം സഹായമാകും “ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിലാണ് കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ ചേരുക. കൂടാതെ എൻഡ്രിക്ക് കൂടി വരുന്നുണ്ട്.വിറ്റോർ റോക്ക് ഇതിനോടകം തന്നെ ബാഴ്സക്കൊപ്പം ചേർന്നിട്ടുണ്ട്. ഒരുപാട് മികച്ച താരങ്ങളെ ആകർഷിക്കാൻ ഇപ്പോഴും റയൽ മാഡ്രിഡിനും ബാഴ്സലോണക്കും സാധിക്കുന്നുണ്ട്.