മെസ്സിക്ക് പിന്നാലെ ലെവയും MLS ലേക്ക്? താല്പര്യം പ്രകടിപ്പിച്ച് ക്ലബ്ബുകൾ!

സൂപ്പർ താരം ലയണൽ മെസ്സി എത്തിയതോടുകൂടിയാണ് അമേരിക്കൻ ലീഗായ MLS കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കുന്നത്. മെസ്സിയെ കൂടാതെ സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബയും ഈ ക്ലബ്ബിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ താരം ലൂയിസ് സുവാരസ് കൂടി അവർക്കൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ്.

ഇതിനിടെ മറ്റൊരു ട്രാൻസ്ഫർ റൂമർ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. എഫ്സി ബാഴ്സലോണയുടെ പോളിഷ് സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്ക്കി അമേരിക്കൻ ലീഗിൽ എത്താൻ സാധ്യതയുണ്ട്. അദ്ദേഹത്തെ സ്വന്തമാക്കാൻ ലീഗിലെ പല ക്ലബ്ബുകൾക്കും താല്പര്യമുണ്ട്.ചില പ്രധാനപ്പെട്ട ക്ലബ്ബുകൾ അവരുടെ ഡെസിഗ്നേറ്റഡ് താരമായി കൊണ്ട് പരിഗണിക്കുന്നത് ലെവന്റോസ്ക്കിയെയാണ്. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയേക്കും.

പക്ഷേ ബാഴ്സലോണയുടെ നിലപാട് എന്താണ് എന്നത് അവ്യക്തമാണ്. 2026 വരെയാണ് ലെവന്റോസ്ക്കിക്ക് ബാഴ്സലോണയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തെ വിട്ടു നൽകാൻ ബാഴ്സലോണ തയ്യാറാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. നേരത്തെ അമേരിക്കൻ ലീഗിലേക്ക് പോവാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഒരു താരം കൂടിയാണ് ലെവന്റോസ്ക്കി. ബാഴ്സയിലേക്ക് വരുന്നതിനു മുന്നേ അമേരിക്കയിലേക്ക് പോകാൻ താൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് മനസ്സ് മാറ്റുകയായിരുന്നു എന്നുമാണ് ലെവന്റോസ്ക്കി കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പറഞ്ഞിരുന്നത്.

വലിയ സാലറി താരത്തിന് വേണ്ടി വാഗ്ദാനം ചെയ്യാനും ക്ലബ്ബുകൾ തയ്യാറാണ്. ഇന്റർ മയാമിലേക്ക് താരം എത്താൻ സാധ്യതയില്ല.മറിച്ച് മറ്റേതെങ്കിലും പ്രധാനപ്പെട്ട ക്ലബ്ബിലേക്ക് ആയിരിക്കും അദ്ദേഹം എത്തുക.ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ലഭിച്ചില്ലെങ്കിൽ അടുത്ത സമ്മറിലും അദ്ദേഹത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ അമേരിക്കൻ ക്ലബ്ബുകൾ നടത്തിയേക്കും. ബാഴ്സലോണയിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് പുലർത്താൻ ലെവന്റോസ്ക്കിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *