മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായ ബാഴ്സയാണ് ഇതെന്ന് കൂമാൻ !

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായ ബാഴ്സ ആണ് ഇതെന്നും കഴിഞ്ഞ കുറച്ചു വർഷത്തേക്കാൾ കൂടുതൽ ഡിഫൻസീവായി കളിക്കുന്ന ബാഴ്സയെയാണ് ഇനി കാണാനാവുകയെന്നും പ്രസ്താവിച്ച് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്നലെ ജിംനാസ്റ്റിക്കിനെതിരായ മത്സരത്തിൽ വിജയം കൊയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ. മത്സരഫലത്തിൽ താൻ സന്തോഷവാനാണെന്നും ഒരുപാട് കാര്യങ്ങളിൽ ടീം പുരോഗതി കൈവരിക്കാനുണ്ടെന്നും കൂമാൻ കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജിംനാസ്റ്റിക്കിനെ ബാഴ്സ തകർത്തു വിട്ടത്. കൂമാന്റെ കീഴിലുള്ള ആദ്യമത്സരത്തിൽ തന്നെ ജയം നേടാൻ ബാഴ്സക്ക് സാധിച്ചു. ഡെംബലെ, ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ ഒട്ടുമിക്ക താരങ്ങളെയും പകുതി സമയം മാത്രമേ കൂമാൻ കളിപ്പിച്ചിട്ടുള്ളൂ. ഈ മാസം ഇരുപത്തിയേഴിന് വിയ്യാറയലിനെതിരെയാണ് ബാഴ്സയുടെ ആദ്യ ലീഗ് മത്സരം.

” ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്ന് വെച്ചാൽ ഭാഗ്യവശാൽ ആർക്കും പരിക്കൊന്നും പറ്റിയിട്ടില്ല എന്നതാണ്.എല്ലാവരും 45 മിനുട്ടുകൾ കളിച്ചിട്ടുണ്ട്. മികച്ച ചില നീക്കങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നു. കാര്യങ്ങൾ ഒരുപാട് മെച്ചപ്പെടാനുണ്ട്. പക്ഷെ ഞാൻ സന്തോഷവാനാണ് ഞങ്ങൾ ഇവിടെ എത്തിയിട്ട് രണ്ടാഴ്ച്ചയേ ആയിട്ടുള്ളൂ. ഞങ്ങൾക്ക് ഒരുപാട് ഇനിയും സഞ്ചരിക്കാനുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ബാഴ്‌സയെയാണ് ഇനി കാണുക. കുറച്ചു കൂടെ ഡിഫൻസീവ് ആയി കളിക്കാൻ ശ്രമിക്കും. മിഡ്ഫീൽഡിൽ കളിപിടിച്ചെടുത്തു കൊണ്ട് ആക്രമിക്കാനാണ് ഉദ്ദേശിക്കുന്നത്. തീർച്ചയായും അതിനുതകുന്ന മിഡ്ഫീൽഡർമാർ ബാഴ്സയിൽ ഉണ്ട്. ഞങ്ങൾക്ക് ഒരു സാധാരണ ഗതിയിലുള്ള പ്രീ സീസൺ പോലും ലഭിച്ചിട്ടില്ല. ഞങ്ങൾക്ക് ആകെ നാല് ആഴ്ച്ചയേ ഒള്ളൂ..ആറു ആഴ്ച്ചയില്ല. അതിത്തിരി സങ്കീർണമാണ്. ഞങ്ങൾ ഇതുവരെ ശാരീരികക്ഷമതക്ക് മുൻഗണന നൽകുകയായിരുന്നു. ഇനി വേണം ടാക്റ്റിക്സിലേക്ക് കടക്കാൻ ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *