മുൻ റയൽ, ബാഴ്സ, അത്ലറ്റികോ പരിശീലകൻ അന്തരിച്ചു

റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും അത്ലറ്റികോ മാഡ്രിഡിന്റെയും പരിശീലകവേഷമണിഞ്ഞ റഡോമിർ ആന്റിച്ച് അന്തരിച്ചു. സ്പാനിഷ് വമ്പൻമാരായ ഈ മൂന്ന് ടീമുകളെയും പരിശീലിപ്പിച്ച ഒരേയൊരു പരിശീലകനായിരുന്നു ആന്റിച്ച്. എഴുപത്തൊന്നാം വയസ്സിലാണ് ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. സെർബിയക്കാരനായ ഇദ്ദേഹം 2010 വേൾഡ് കപ്പിൽ സെർബിയയെയും പരിശീലിപ്പിച്ചിരുന്നു.

മുഖ്യപരിശീലകനായി സരഗോസയിലായിരുന്നു ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1990/91 സീസണിൽ ഡിസ്‌റ്റെഫാനോക്ക് പകരമായി റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഇദ്ദേഹം ഏറ്റെടുത്തു. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത ഇദ്ദേഹത്തെ റയൽ പുറത്താക്കി. പിന്നീട് 1995/96 സീസണിൽ അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകവേഷത്തിൽ ഇദ്ദേഹം എത്തി. അദ്ദേഹത്തിന്റെ സുവർണ്ണകാലഘട്ടമായിരുന്നു ഇത്. ആ സീസണിൽ അത്ലറ്റികോക്ക് ലാലിഗയും കോപ്പ ഡെൽ റേയും നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി.

2003 ലായിരുന്നു ഇദ്ദേഹം ബാഴ്സയുടെ പരിശീലകവേഷം ഏറ്റെടുത്തത്. ലൂയിസ് വാൻഗാലിനെ പുറത്താക്കിയ സ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. എന്നാൽ ബാഴ്സയിലും തിളങ്ങാനാവാതെ വന്നതോടെ ഇദ്ദേഹം സെൽറ്റ വിഗോയിലേക്ക് കൂടുമാറി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അത്ലറ്റികോ മാഡ്രിഡ്‌ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *