മിണ്ടാതിരിക്കൂ, ബോൾ ബോയ്സിനോട് ദേഷ്യപ്പെട്ട് ടെർസ്റ്റീഗൻ!

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന സെമി ഫൈനലിന്റെ ആദ്യപാദപോരാട്ടത്തിൽ എഫ്സി ബാഴ്സലോണ സെവിയ്യയോട് അടിയറവ് പറഞ്ഞിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ സെവിയ്യക്ക് മുന്നിൽ തലകുനിച്ചത്. മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ഗോൾ കീപ്പർ ടെർസ്റ്റീഗന്റെ ഭാഗത്തു നിന്നുണ്ടായത്. ഒരു ഗോൾ നേടിയ ശേഷം സെവിയ്യ താരങ്ങൾ നടത്തിയ ഒന്നു രണ്ട് മികച്ച മുന്നേറ്റങ്ങൾ വലയിൽ കയറാതെ നോക്കിയത് ടെർസ്റ്റീഗനായിരുന്നു. എന്നാൽ മത്സരത്തിന്റെ ആദ്യപകുതി സമയത്ത് ബോൾ ബോയ്സിനോട് മിണ്ടാതിരിക്കാൻ പറഞ്ഞു കൊണ്ടുള്ള ടെർസ്റ്റീഗന്റെ ആംഗ്യങ്ങൾ ചർച്ചാവിഷയമായിരിക്കുകയാണിപ്പോൾ.കൈ കൊണ്ട് മിണ്ടാതിരിക്കൂ എന്നാണ് ടെർസ്റ്റീഗൻ ബോൾ ബോയ്സിനോട് ആവിശ്യപ്പെട്ടത്.

സെവിയ്യയുടെ മൈതാനത്തായിരുന്നു മത്സരം. അതിനാൽ തന്നെ ബാഴ്സ താരങ്ങളുടെ ആത്മവീര്യം തകർക്കാൻ വേണ്ടി ബോൾ ബോയ്സ് പല രീതിയിൽ ശ്രമിച്ചിരുന്നു. ഇതോടെയാണ് ടെർസ്റ്റീഗൻ മിണ്ടാതിരിക്കാൻ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടെർസ്റ്റീഗൻ മാത്രമല്ല, മത്സരത്തിലെ റഫറിയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.കളി നിയന്ത്രിച്ച മാത്യൂ ലാഹോസ് ബോൾ ബോയ്സിന്റെ തലവനോട് ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതോടെ ഇവർ അച്ചടക്കം പാലിക്കുകയായിരുന്നു എന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഇനി രണ്ടാം പാദമത്സരം ബാഴ്സയുടെ മൈതാനത്താണ് നടക്കുന്ന. രണ്ട് ഗോളുകൾക്ക് മുകളിൽ വരുന്ന ഒരു മാർജിനിൽ ക്യാമ്പ് നൗവിൽ വെച്ച് വിജയിക്കൽ ബാഴ്‌സക്ക് അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *