മികച്ച ടീമുകളല്ല പലപ്പോഴും UCL വിജയിക്കുന്നതെന്ന് സാവി, കടുത്ത രീതിയിൽ മറുപടി നൽകി ആഞ്ചലോട്ടിയും കാർവഹലും!

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി പ്രസ്താവന നടത്തിയിരുന്നു.അതായത് പലപ്പോഴും മികച്ച ടീമുകൾ അല്ല ചാമ്പ്യൻസ് ലീഗിൽ വിജയിക്കുന്നത് എന്നായിരുന്നു സാവി പറഞ്ഞിരുന്നത്. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ ഉന്നം വെച്ചുകൊണ്ടാണ് സാവി ഈയൊരു പ്രസ്താവന നടത്തിയത് എന്നാണ് മാധ്യമങ്ങൾ വ്യാഖ്യാനിച്ചിരിക്കുന്നത്.

ഏതായാലും റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി സാവിക്ക് കടുത്ത രൂപത്തിൽ മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കൂടുതൽ പൊസഷൻ ഉള്ളതിനേക്കാൾ നല്ലത് മികച്ച രൂപത്തിൽ കളിക്കുക എന്നുള്ളത് തന്നെയാണ്. ചാമ്പ്യൻസ് ലീഗിൽ പലപ്പോഴും ചെറിയ ഘടകങ്ങൾ കൂടി നിർണായകമാവും.ആ ചെറിയ ഘടകങ്ങളെ നല്ല രൂപത്തിൽ മാനേജ് ചെയ്യുന്ന ടീമാണ് റയൽ മാഡ്രിഡ്. അതുകൊണ്ടാണ് ഈ കോമ്പറ്റീഷനിലെ ഏറ്റവും മികച്ച ടീമായി കൊണ്ട് റയൽ മാറുന്നത്. ഇതൊരിക്കലും ഭാഗ്യം കൊണ്ട് സംഭവിക്കുന്നതല്ല. ഭാഗ്യം എന്ന് പറഞ്ഞു കൊണ്ട് നിങ്ങൾ ന്യായീകരിക്കുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ മറച്ചു വെക്കുകയും എതിരാളികളുടെ ക്രെഡിറ്റ് നിങ്ങൾ തട്ടിയെടുക്കുകയും ആണ് ചെയ്യുന്നത്. കഴിഞ്ഞ ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ സമനില വഴങ്ങി.ഞങ്ങൾക്ക് വേണമെങ്കിൽ ഭാഗ്യം ഇല്ലായിരുന്നു എന്ന് പറയാമായിരുന്നു. പക്ഷേ അത് ഞങ്ങളുടെ പ്രശ്നങ്ങൾ മറച്ചു പിടിക്കലാവും. ഞങ്ങൾ ക്രെഡിറ്റ് ഒസാസുനക്ക് തന്നെയാണ് നൽകിയത് ” ആഞ്ചലോട്ടി പറഞ്ഞു.

അതേസമയം റയലിന്റെ സൂപ്പർതാരമായ കാർവഹലും ഇതിന് മറുപടി നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ എന്നത് റിസൾട്ട് മാത്രമാണ്.ഏത് ടീമാണ് കൂടുതൽ ഗോളുകൾ നേടുകയും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്യുന്നത് അവർ വിജയിക്കും. അവസാനമായി നടന്ന 9 ചാമ്പ്യൻസ് ലീഗുകളിൽ 5 എണ്ണവും നിങ്ങൾ നേടിയാൽ അത് ഭാഗ്യമല്ല എന്ന് മനസ്സിലാക്കണം.റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള വാദങ്ങൾ വരുന്നത് എന്നുള്ളത് രസകരമായ കാര്യമാണ്. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.പക്ഷേ റയൽ മാഡ്രിഡ് എന്നും കിരീടം ഫേവറൈറ്റുകൾ തന്നെയാണ് ” കാർവഹൽ പറഞ്ഞു.

ഏതായാലും ഇനി എൽ ക്ലാസിക്കോക്ക് അധികം നാളുകൾ ഒന്നുമില്ല.അതിന് മുമ്പ് തന്നെ ഇപ്പോൾ വാക്ക് പോരുകൾ ആരംഭിച്ചതായാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *