മികച്ച ക്ലബ്ബിനുള്ള പുരസ്കാരം, സിറ്റി ഒന്നാമതും റയൽ മൂന്നാമതും, പരിഹാസവുമായി ടോണി ക്രൂസ്!

ഇന്നലെയായിരുന്നു ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമയായിരുന്നു ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയിരുന്നത്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം റയലിന്റെ തന്നെ തിബൗട്ട് കോർട്ടുവയും കരസ്ഥമാക്കി.

എന്നാൽ ഈ വർഷത്തെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം റയലിന് നേടാൻ കഴിഞ്ഞിരുന്നില്ല.മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ഏറ്റവും മികച്ച ക്ലബ്ബിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ രണ്ടാം സ്ഥാനം നേടി.മൂന്നാം സ്ഥാനത്തായിരുന്നു റയൽ മാഡ്രിഡ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടിയ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനം മാത്രം നേടിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

എന്നാൽ ബാലൺഡി’ഓറിനുള്ള നോമിനികളുടെ അടിസ്ഥാനത്തിലാണ് ഇത് നൽകിയത് എന്നാണ് വിശദീകരണം. അതായത് ആറ് വീതം താരങ്ങൾ നോമിനികൾ ആയിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ഉണ്ടായിരുന്നു. അതേസമയം മാഡ്രിഡിന് 5 നോമിനികളായിരുന്നു ഉണ്ടായിരുന്നത്. ഇതുകൊണ്ടാണ് റയൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം ഈ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് റയൽ മാഡ്രിഡ് സൂപ്പർതാരമായ ടോണി ക്രൂസ് രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചത്.” 2021/22 സീസണിലെ മൂന്നാമത്തെ ഏറ്റവും മികച്ച ടീം. ഹാപ്പിയല്ലെ റയൽ മാഡ്രിഡ്? ” എന്നായിരുന്നു ടോണി ക്രൂസ് ട്വീറ്റ് ചെയ്തത്.ഫ്രാൻസ് ഫുട്ബോളിന്റെ ആ തീരുമാനത്തെ പരിഹസിക്കുകയാണ് ക്രൂസ് ഇതിലൂടെ ചെയ്തിട്ടുള്ളത്.

ഏതായാലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം തന്നെയായിരുന്നു റയൽ മാഡ്രിഡ് പുറത്തെടുത്തിരുന്നത്.ഈ സീസണിലും അത് ആവർത്തിക്കാൻ റയലിന് സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *