മാഴ്സെലോ എങ്ങോട്ട്? രംഗത്ത് വന്നിട്ടുള്ളത് ഈ ക്ലബുകൾ!
റയലിന്റെ ഇതിഹാസ താരമായ മാഴ്സലോ കഴിഞ്ഞ ദിവസം ക്ലബ്ബിനോട് വിട ചൊല്ലിയിരുന്നു. റയലിന് വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി കൊണ്ടാണ് മാഴ്സെലോ ക്ലബ്ബിൽ നിന്നും പടികളിറങ്ങിയത്. തന്റെ ഭാവിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വഴിയെ അറിയിക്കാമെന്നാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്. എന്നാൽ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തിരുന്നു.
ഏതായാലും മാഴ്സെലോ എങ്ങോട്ട് എന്നുള്ളതാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചോദ്യം. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെ താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിലുള്ളത്.വരും ദിവസങ്ങളിൽ അവർ ഓഫറുമായി മാഴ്സെലോയെ സമീപിച്ചേക്കും. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) June 14, 2022
തുർക്കിഷ് ലീഗിലേക്ക് ചേക്കേറുന്നതിനോട് മാഴ്സെലോക്ക് വിയോജിപ്പൊന്നുമില്ല. എന്നാൽ ആറു മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് മാഴ്സെലോ ലക്ഷ്യമിടുന്നത്. അതേസമയം ലാറ്റിനമേരിക്കൻ ക്ലബ്ബുകളിൽ നിന്നും മിഡിൽ ഈസ്റ്റ് ക്ലബ്ബുകളിൽ നിന്നുമൊക്കെ മാഴ്സെലോക്ക് ഓഫറുകൾ വരുന്നുണ്ട്.പക്ഷെ യൂറോപ്പിൽ തുടരുക എന്നുള്ളതാണ് നിലവിൽ മാഴ്സെലോയുടെ ലക്ഷ്യം.
അതേസമയം ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെക്കും മാഴ്സെലോയിൽ താല്പര്യമുണ്ട്. അവരുടെ പരിശീലകനായ ജോർഗെ സാംപോളി ക്ലബ്ബിനോട് താരത്തെ സൈൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഏതായാലും മാഴ്സെലോ ഏത് രൂപത്തിലുള്ള തീരുമാനം എടുക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.