മാഡ്രിഡിൽ എംബപ്പേ മാനിയ, ടിക്കറ്റുകൾ വിറ്റു തീർന്നു, കരിഞ്ചന്തയിൽ വൻവില!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡ് അവരുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് പൂർത്തീകരിച്ചത്. കഴിഞ്ഞ കുറെ വർഷക്കാലമായി അവർ കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് കിലിയൻ എംബപ്പേ.അതിപ്പോൾ സാധ്യമായിട്ടുണ്ട്.ഫ്രീ ഏജന്റായി പിഎസ്ജി വിട്ട താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കി കഴിഞ്ഞു.5 വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നത്.
ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ എംബപ്പേയുടെ കാര്യത്തിൽ മാഡ്രിഡ് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.താരത്തിന്റെ പ്രസന്റേഷനുമായി ബന്ധപ്പെട്ടതായിരുന്നു അത്. വരുന്ന ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ക്ലബ്ബ് സാന്റിയാഗോ ബെർണാബുവിൽ അവതരിപ്പിക്കുക.പ്രൗഢഗംഭീരമായ ഒരു ചടങ്ങ് തന്നെ അവർ ഒരുക്കുന്നുണ്ട്. കൂടാതെ എംബപ്പേ ഒമ്പതാം നമ്പർ ജേഴ്സിയാണ് അണിയുക എന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു.
മാഡ്രിഡ് നഗരത്തിൽ എംബപ്പേ മാനിയ എന്ന് തന്നെ പറയേണ്ടിവരും. പ്രസന്റേഷന് വേണ്ടിയുള്ള ടിക്കറ്റുകൾ എല്ലാം തന്നെ വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ വിറ്റു തീർന്നിട്ടുണ്ട്.സാന്റിയാഗോ ബെർണാബുവിന്റെ കപ്പാസിറ്റി 85,000 ആണ്. എന്നാൽ ഒരു ലക്ഷത്തോളം ആരാധകർ ടിക്കറ്റിന് വേണ്ടി ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.മാത്രമല്ല ടിക്കറ്റ് സ്വന്തമാക്കിയ ചിലർ കരിഞ്ചന്തയിൽ വിൽക്കുന്നുമുണ്ട്. ഏകദേശം 200 യൂറോയോളമാണ് ബ്ലാക്ക് മാർക്കറ്റിൽ ടിക്കറ്റിന്റെ വിലയായി കൊണ്ടുവരുന്നത്. ക്ലബ്ബ് അംഗങ്ങളിൽ പലർക്കും ഫ്രീയായി കൊണ്ട് ടിക്കറ്റ് ലഭിച്ചിരുന്നു. അതിൽ പലരും ടിക്കറ്റ് മറിച്ച് വിൽക്കുന്നുണ്ട്.
മാത്രമല്ല എംബപ്പേയുടെ ഒഫീഷ്യൽ ജേഴ്സി റയൽ മാഡ്രിഡ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.വലിയ രൂപത്തിലുള്ള വില്പനയാണ് ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ സ്റ്റോറുകളിൽ ഇത് ലഭ്യമാണ്. ഗംഭീര പ്രതികരണമാണ് എംബപ്പേയുടെ വരവിന് റയൽ ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 80,000 ത്തോളം ആരാധകരായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസന്റേഷൻ ചടങ്ങിൽ പങ്കെടുത്തിരുന്നത്.ആ റെക്കോർഡ് ഇത്തവണ തകർക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.