മറ്റുള്ള ഓഫറുകൾ അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു: ബാഴ്സ സൂപ്പർ താരം ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ലാപോർട്ട!
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബുമായുള്ള കരാർ അടുത്ത മാസമാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. താരത്തെ നിലനിർത്താൻ ബാഴ്സക്ക് താല്പര്യമുണ്ട്.എന്നാൽ ഡെമ്പലെ ഇതുവരെ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഏതായാലും ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്.ഡെമ്പലെക്ക് ബാഴ്സയിൽ തുടരാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മറ്റുള്ള ഓഫറുകൾ അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു എന്നുമാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 18, 2022
“ഡെമ്പലെക്ക് ഇവിടെ തുടരാൻ ആഗ്രഹമുണ്ട്.പക്ഷെ ഇതിലേറെ നല്ല രൂപത്തിലുള്ള ഓഫറുകൾ അദ്ദേഹത്തിന് വരുന്നുണ്ട്. അതിൽ അദ്ദേഹം പ്രലോഭിതനാണ്. ഞങ്ങൾ ഞങ്ങളുടെ ഓഫർ അദ്ദേഹത്തിന് നൽകിയിട്ട് ഒരുപാട് നാളായി. പക്ഷേ തീരുമാനമെടുക്കാൻ സമയം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് ഒരു തീരുമാനം ലഭിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ നിർബന്ധിക്കാൻ കഴിയില്ല. അദ്ദേഹത്തെ നിലനിർത്താൻ വേണ്ടി പ്രധാനപ്പെട്ട ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. അദ്ദേഹം വളരെ കംഫർട്ടബിളാണ്. എല്ലാവരുമായും നല്ല ബന്ധമാണ് അദ്ദേഹം വെച്ചുപുലർത്തുന്നത്. അദ്ദേഹം തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ ഒരു മികച്ച പകരക്കാരനെ ഞങ്ങൾ കണ്ടെത്തും ” ലാപോർട്ട പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ,PSG എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ലാലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം ഡെമ്പലെയാണ്.