മറഡോണയുടെയും ക്രൈഫിന്റെയും മിശ്രിതം : ലയണൽ മെസ്സിയെ വാഴ്ത്തി ലാപോർട്ട!

ലയണൽ മെസ്സി ഒരിക്കൽ കൂടി ബാഴ്സലോണ ജേഴ്സിയിൽ പന്തുതട്ടുക എന്നുള്ളത് ബാഴ്സ ആരാധകരുടെയും മെസ്സി ആരാധകരുടെയും സ്വപ്നമാണ്. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരികെ എത്താനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്. മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോഴും ബാഴ്സ തുടരുകയാണ്.

ലയണൽ മെസ്സിയുമായുള്ള ബന്ധം വർദ്ധിപ്പിച്ചുവെന്നും മെസ്സിയെ തിരികെ എത്തിക്കാൻ സാധ്യമാകുന്നത് എല്ലാം ചെയ്യുമെന്നുള്ള ഉറപ്പ് ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട നേരത്തെ തന്നെ ആരാധകർക്ക് നൽകിയിരുന്നു.ഇപ്പോൾ ലയണൽ മെസ്സിയെ കുറിച്ച് അദ്ദേഹം ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സി ഇതിഹാസങ്ങളായ മറഡോണയുടെയും ക്രൈഫിന്റെയും മിശ്രിതമാണ് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.ക്യാമ്പ് നൗവിലെ ഏറ്റവും മനോഹരമായ ഓർമ്മ ലയണൽ മെസ്സിയാണെന്നും ലാപോർട്ട കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്യാമ്പ് നൗവിലെ ഏറ്റവും മനോഹരമായ ഓർമ്മ എന്നത് ലയണൽ മെസ്സി തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി യൊഹാൻ ക്രൈഫിന്റെയും ഡിയഗോ മറഡോണയുടെയും മിശ്രിതമാണ്. മെസ്സി ലാ മാസിയയിൽ നിന്നും പുറത്ത് വന്ന സമയത്ത്, അദ്ദേഹം ഒരു മിശിഹയെ പോലെയായിരുന്നു ഉണ്ടായിരുന്നത് ” ഇതാണ് ബാഴ്സ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയെ എത്തിക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ് ബാഴ്സയും അവരുടെ പ്രസിഡന്റും ഉള്ളത്.ഇപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായിട്ടുണ്ട്. എന്തെന്നാൽ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഈ സീസണിന് ശേഷം ക്ലബ്ബിൽ തുടരില്ല എന്നത് പ്രഖ്യാപിച്ചു കഴിഞ്ഞ കാര്യമാണ്. അതുകൊണ്ടുതന്നെ സാലറി ബില്ലിൽ വലിയ കുറവ് വരുന്നത് മെസ്സിയെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *