മത്സരശേഷം പ്രശ്നമുണ്ടാക്കി സിമയോണിയും വിനിയും, പ്രതികരിച്ച് അത്ലറ്റിക്കോ പരിശീലകൻ.
ഇന്നലെ കോപ ഡെൽ റേയിൽ നടന്ന നോക്കോട്ട് മത്സരത്തിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ തോൽപ്പിച്ചത്. ഇതോടെ കോപ ഡെൽ റേയിൽ നിന്നും റയൽ പുറത്താവുകയും ചെയ്തു.ഇനി ഈ സീസണിൽ ട്രിബിൾ കിരീടനേട്ടം സ്വന്തമാക്കാൻ റയലിന് സാധിക്കില്ല എന്നത് ഉറപ്പായിക്കഴിഞ്ഞു.
മത്സരത്തിൽ വിനീഷ്യസ് ജൂനിയർ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഗോളവസരങ്ങൾ അദ്ദേഹം പാഴാക്കിയിരുന്നു. മാത്രമല്ല ഗ്രീസ്മാൻ നേടിയ ഗോൾ യഥാർത്ഥത്തിൽ വിനീഷ്യസിന്റെ പിഴവിൽ നിന്നാണ് പിറന്നിരുന്നത്. ഇതിനൊക്കെ പുറമേ പതിവുപോലെ മത്സരശേഷം അദ്ദേഹം സംഘർഷം ഉണ്ടാക്കുകയും ചെയ്തു.അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണിയുമാണ് സംഘർഷം ഉണ്ടായത്.രണ്ടുപേരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് ഒഫീഷ്യൽസുകൾ ഇരുവരെയും പിടിച്ചുമാറ്റി.
Diego Simeone vs Vinicius Jr. pic.twitter.com/1XKftuGhd8
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 18, 2024
മത്സരശേഷം ഇതേക്കുറിച്ച് സിമയോണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സാധാരണ കാര്യങ്ങൾ മാത്രമാണ് എന്നാണ് ഈ അർജന്റൈൻ പരിശീലകൻ പറഞ്ഞിരുന്നത്. അത് കളിക്കളത്തിൽ അവസാനിച്ചുവെന്നും സിമയോണി പറഞ്ഞിട്ടുണ്ട്.എന്താണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഈ പരിശീലകൻ വെളിപ്പെടുത്തിയിട്ടില്ല.
സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിയിൽ ഇതേ സ്കോറിന് റയൽ മാഡ്രിഡ് അത്ലറ്റിക്കോയെ പരാജയപ്പെടുത്തിക്കൊണ്ട് പുറത്താക്കിയിരുന്നു. അതിന് പ്രതികാരം തീർക്കാൻ ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിൽ കേവലം രണ്ടു തോൽവികൾ മാത്രമാണ് റയൽ വഴങ്ങിയിട്ടുള്ളത്. ആ രണ്ട് തോൽവികളും സിമയോണിയുടെ ക്ലബ്ബിനെതിരെയാണ്. മാത്രമല്ല അധികം വൈകാതെ തന്നെ ലാലിഗയിൽ വച്ചുകൊണ്ട് ഒരിക്കൽ കൂടി റയലും അത്ലറ്റിക്കോയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്.