മത്സരഫലം കിരീടജേതാക്കളെ തീരുമാനിക്കുമോ എന്നുറപ്പില്ല,കൂമാൻ പറയുന്നു!

ഇന്ന് ലാലിഗയിൽ നടക്കുന്ന നിർണായകമായ മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45 ന് ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിക്കുകയാണെങ്കിൽ ബാഴ്സക്ക് കിരീടപ്രതീക്ഷകൾ ഏറെ വർദ്ധിപ്പിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ജയം തന്നെയായിരിക്കും കൂമാന്റെയും സംഘത്തിന്റെയും ലക്ഷ്യം.ഈ ലീഗിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ പരാജയപ്പെടാനായിരുന്നു എഫ് സി ബാഴ്സലോണയുടെ വിധി. അതുകൊണ്ടുതന്നെ അതിന് പകരം വീട്ടുക എന്ന ഉദ്ദേശം കൂടി നിലവിൽ ബാഴ്സക്ക് മുന്നിലുണ്ട്.എന്നാൽ ഇന്നത്തെ മത്സരഫലം കിരീടജേതാക്കളെ തീരുമാനിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബാഴ്സ പരിശീലകൻ കൂമാൻ. മത്സരം പ്രധാനപ്പെട്ടതായിരിക്കുമെന്നും എന്നാൽ കിരീടജേതാക്കളെ തീരുമാനിക്കുക മറ്റു മത്സരങ്ങൾ കൂടിയായിരിക്കുമെന്നും കൂമാൻ അറിയിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

” മത്സരഫലം കിരീടജേതാക്കളെ തീരുമാനിക്കുമോ എന്ന കാര്യം എനിക്കറിയില്ല.പക്ഷേ മത്സരം ഏറെ പ്രധാനപ്പെട്ടതാണ് എന്നെനിക്കറിയാം.ഈ സീസണിൽ ഞങ്ങൾക്ക് ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്.പക്ഷേ ഒടുവിൽ ഞങ്ങൾ ഇവിടെ എത്തി നിൽക്കുന്നു. സീസണിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് ഇവിടെ എത്തിപ്പെടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.കിരീടം നേടണമെങ്കിൽ,ഓരോ മത്സരവും ഞങ്ങൾ വിജയിക്കേണ്ടതുണ്ട്.എല്ലാ മത്സരവും വിജയിക്കാൻ കഴിഞ്ഞാൽ ഞങ്ങൾക്ക് ചാമ്പ്യൻമാരാവാമെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു ” കൂമാൻ പറഞ്ഞു. ഈ മത്സരത്തിന് ശേഷം റയൽ മാഡ്രിഡ്‌ സെവിയ്യയേ നേരിടുന്നുണ്ട്. അത്ലറ്റിക്കോക്കെതിരെ വിജയിക്കുകയും റയൽ സെവിയ്യയോട് പരാജയപ്പെടുകയും ചെയ്താൽ ബാഴ്‌സക്ക് കിരീടപ്രതീക്ഷകൾ ഏറെ വർധിപ്പിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *