ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനം എന്നുണ്ടാവും? എംബപ്പെയുടെ തീരുമാനം ഇങ്ങനെ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പെയുടെ ഭാവി എന്താവുമെന്നുള്ളത് ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്. അടുത്തമാസമാണ് അദ്ദേഹത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരുമോ അതല്ലെങ്കിൽ റയലിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് ഇനി ഫുട്ബോൾ ലോകത്തിനറിയേണ്ടത്.
ഏതായാലും ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് ഉടൻതന്നെ തന്റെ ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്താൻ എംബപ്പെ ഉദ്ദേശിക്കുന്നില്ല. മറിച്ച് വരുന്ന ജൂൺ മാസത്തിൽ ഫ്രാൻസിന് 4 യുവേഫ നേഷൻസ് ലീഗ് മൽസരങ്ങളുണ്ട്. ആ മത്സരങ്ങൾക്കു ശേഷമായിരിക്കും എംബപ്പെ പ്രഖ്യാപനം നടത്തുക.
Kylian Mbappé (23) is expected to wait until after France's Nations League games in June to announce a decision on his future. (LP)https://t.co/vE1Ko1SZtt
— Get French Football News (@GFFN) May 7, 2022
നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയാൽ അത് തന്റെ ഇന്റർനാഷണൽ മത്സരങ്ങളെ സ്വാധീനിക്കുമെന്ന് എംബപ്പെ ഭയപ്പെടുന്നുണ്ട്. അതിനാലാണ് ഈ മത്സരങ്ങൾക്ക് ശേഷം പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഡെൻമാർക്ക്, ക്രൊയേഷ്യ,ആസ്ട്രിയ എന്നിവർക്കെതിരെയാണ് ഫ്രാൻസ് നാഷൻസ് ലീഗ് മത്സരങ്ങൾ കളിക്കുക.ഇതിന് ശേഷം ജൂൺ 14 വീണ്ടും ഫ്രാൻസ് ക്രൊയേഷ്യയേ നേരിടുന്നുണ്ട്. അതിനു ശേഷമായിരിക്കും എംബപ്പെയുടെ പ്രഖ്യാപനമുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈയിടെ എംബപ്പേ പിഎസ്ജിയുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചയിൽ രണ്ട് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കാൻ താരം സമ്മതിച്ചു എന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. എന്നാൽ താരത്തിന്റെ മാതാവ് തന്നെ ഇത് നിഷേധിക്കുകയായിരുന്നു. ഇനി അടുത്ത ആഴ്ച്ച റയൽ മാഡ്രിഡുമായി എംബപ്പേയുടെ അധികൃതർ ചർച്ചകൾ നടത്തും.