ബർതോമ്യു ഒന്നിനും കൊള്ളാത്തവൻ: ആഞ്ഞടിച്ച് മുൻ ബാഴ്സ പ്രസിഡൻ്റ്

ബയേണിനോട് ഏറ്റവും വലിയ തോതിൽ നാണക്കേട് ഏറ്റുവാങ്ങിയ ബാഴ്സക്ക് വിമർശനങ്ങളുടെ പെരുമഴയാണ്. ക്ലബ്ബിനകത്തും പുറത്തും നിന്നും നിരവധി വിമർശനങ്ങളാണ് ബാഴ്സക്ക് ഏൽക്കേണ്ടി വന്നത്. ബാഴ്സ താരങ്ങളും അംഗങ്ങളുമെല്ലാം തോൽവിയിലുള്ള നിരാശയും അമർഷവും പങ്കുവെച്ചിരുന്നു. തോൽവിക്ക് പിന്നാലെ പ്രസിഡന്റ്‌ ബർതോമ്യു ആരാധകരോടും താരങ്ങളോടും മാപ്പ് ചോദിച്ചിരുന്നു. വരും ദിവസങ്ങളിൽ വലിയ മാറ്റങ്ങൾ തന്നെ ക്ലബ്ബിനകത്ത് ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ പ്രസിഡന്റ്‌ ജോൺ ലപോർട്ട. ബർതോമ്യു കഴിവ് കെട്ടവനാണ് എന്ന രൂപത്തിലാണ് ഇദ്ദേഹം പ്രതികരിച്ചത്. ഇദ്ദേഹത്തെ കൂടാതെ മുൻ ലിവർപൂൾ ഇതിഹാസം കാരഗറും ബാഴ്സ മാനേജ്മെന്റിനെ കുറ്റപ്പെടുത്തിയിരുന്നു. ബാഴ്സയുടെ പതനത്തിൽ സെറ്റിയനെ മാത്രം പഴിചാരി നിങ്ങൾക്ക് രക്ഷപ്പെടാനാവില്ലെന്നും ബർതോമ്യു ഉൾപ്പെടുന്നവർ ഇതിന് ഉത്തരവാദികളാണ് എന്നുമായിരുന്നു കാരഗർ പറഞ്ഞത്.

” വളരെ വേദനജനകമായ തോൽവിക്ക് ശേഷം പ്രസിഡന്റ്‌ ബർതോമ്യുവിന്റെ പ്രസ്താവന ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ കഴിവുകേടിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതൊരു ഭീരുത്വം നിറഞ്ഞ പ്രസ്താവനയായിരുന്നു. അതിനുപരി അത് അസംബന്ധമായ പ്രസ്താവനയാണ്. അദ്ദേഹത്തിന്റെയും ബാഴ്സ ബോർഡിന്റെയും ഈ കഴിവ് കേട് ബാഴ്സയുടെ നല്ല ഭാവിക്ക് വേണ്ടി തീരുമാനമെടുക്കാൻ അവർക്ക് കഴിയില്ല എന്നുള്ളതിനുള്ള തെളിവാണ്. അവരുടെ അയോഗ്യതയാണ് ഇത് തുറന്നു കാണിക്കുന്നത് ” ലപോർട്ട പറഞ്ഞു. 2003-04 സീസണിൽ ആയിരുന്നു ഇദ്ദേഹം ബാഴ്സയുടെ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റത്. ബാഴ്സയിൽ കാതലായ മാറ്റങ്ങൾക്ക് കാരണമായത് ഇദ്ദേഹത്തിന്റെ വരവാണ് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *