ബർതോമ്യുവുമായി കൂടിക്കാഴ്ച്ച നടത്താൻ വിസമ്മതിച്ച് ലയണൽ മെസ്സി !

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുമെന്നുള്ള കിംവദന്തിയെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ തന്നെയാണ് ഇപ്പോഴും പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. കുറച്ചു മുമ്പ് ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു തന്റെ രാജിസന്നദ്ധത അറിയിച്ചിരുന്നു. പക്ഷെ ഒരു നിബന്ധനയോട് കൂടിയാണ് അദ്ദേഹം രാജിവെക്കാമെന്ന് ഏറ്റുപറഞ്ഞത്. ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാമെന്ന് ഉറപ്പ് നൽകിയാൽ മാത്രം താൻ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു കൊണ്ട് പുറത്തുപോവാമെന്നാണ് ബർതോമ്യു അറിയിച്ചത്. അതായത് മെസ്സി ക്ലബിൽ തുടരുമെന്ന് ക്ലബ്ബിനെ നേരിട്ട് അറിയിക്കണമെന്നും പ്രസിഡന്റുമായും ബോർഡുമായും കൂടിക്കാഴ്ച്ച നടത്തി എന്തൊക്കെയാണ് നിലവിൽ താരത്തിന് ക്ലബിൽ ഉള്ള പ്രശ്നങ്ങൾ വ്യക്തമാക്കണമെന്നുമാണ് ക്ലബിന്റെ നിലപാട്. മാത്രമല്ല കൂടികാഴ്ച്ചയിൽ മെസ്സിയെ പറഞ്ഞു ബോധ്യപ്പെടുത്താനും ബർതോമ്യുവും ബോർഡ് അംഗങ്ങളും ശ്രമിച്ചേക്കും.

എന്നാൽ മെസ്സി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ച നടത്താൻ വിസമ്മതിച്ചതായാണ് വാർത്തകൾ. സ്പാനിഷ് മീഡിയയായ മാർക്കയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ബർതോമ്യുവുമായി ചർച്ച നടത്താൻ മെസ്സി ഒരുക്കമല്ല എന്നാണ് മാർക്ക പറയുന്നത്. അതേസമയം മെസ്സി പരിശീലനത്തിന് എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. സാധാരണപോലെ തന്നെ ടീം അംഗങ്ങളോടൊപ്പം പരിശോധനക്ക് വിധേയനാവുകയും തുടർന്ന് തിങ്കളാഴ്ച്ച റൊണാൾഡ് കൂമാന് കീഴിൽ ട്രെയിനിങ് നടത്താമെന്നും മെസ്സി സമ്മതിച്ചതായി മാർക്ക പറയുന്നുണ്ട്. പക്ഷെ മെസ്സി ബാഴ്‌സയിൽ തുടരും എന്നല്ല ഇതിനർത്ഥം. മെസ്സിക്ക് ഇപ്പോഴും ബാഴ്സ വിടണം എന്ന നിലപാട് തന്നെയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *