ബ്രേക്കിങ്: ലാലിഗ ജൂൺ എട്ടിന് തുടങ്ങും

ഫുട്ബോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അല്പസമയത്തിന് മുൻപ് പുറത്തുവിട്ടത്. ലോകഫുട്ബോളിലെ വമ്പൻമാരായ ബാഴ്സലോണയും റയൽ മാഡ്രിഡുമൊക്കെ ജൂൺ എട്ടോടെ കളിമൈതാനങ്ങളിലേക്ക് തിരിച്ചെത്തും. ഇന്ന് ഉച്ചക്ക് ശേഷം വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലാണ് ജൂൺ എട്ടിന് ലാലിഗ പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.ലാലിഗ ജൂൺ എട്ടിന് ആരംഭിക്കാനുള്ള അനുമതി ഗവണ്മെന്റ് ലാലിഗ അധികൃതർക്ക് നൽകി. ” ജൂൺ എട്ടിന് ലാലിഗ തിരിച്ചെത്തും. എല്ലാവിധ ആരോഗ്യസുരക്ഷാസംവിധാനങ്ങൾ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ പന്തുരുളുകയുള്ളൂ ” പുറത്തിറക്കിയ പ്രസ്താവനയിൽ സ്പാനിഷ് ഗവൺമെന്റ് അറിയിച്ചു.

കൂടാതെ ജൂലൈയോടെ രാജ്യത്തിന്റെ അതിർത്തികൾ ടൂറിസ്റ്റുകൾക്ക് വേണ്ടി തുറക്കപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏതായാലും കരുതിയതിലും നേരത്തെയാണ് ലാലിഗ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. ജൂൺ പന്ത്രണ്ടിന് തുടങ്ങും എന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. മത്സരക്രമങ്ങൾ ഒക്കെ തന്നെയും ലാലിഗ മുൻകൂട്ടി ആസൂത്രണം ചെയ്തു വെച്ചിരുന്നു. എല്ലാ ദിവസങ്ങളിലും മത്സരങ്ങൾ നടത്താനായിരുന്നു ലാലിഗ അധികൃതരുടെ പ്ലാൻ. ഇതിൽ മാറ്റമുണ്ടാവോ എന്നത് നോക്കിക്കാണേണ്ട കാര്യമാണ്.

കഴിഞ്ഞ ആഴ്ച്ച ബുണ്ടസ്‌ലീഗ പുനരാരംഭിച്ചിരുന്നു. ജൂൺ മൂന്നിന് പോർച്ചുഗീസ് ലീഗ് ആരംഭിക്കും. ജൂൺ പതിമൂന്നിനോ അതല്ലെങ്കിൽ ഇരുപതിനോ സിരി എ തിരിച്ചെത്തും. ലാലിഗ കൂടെ തിരിച്ചെത്തുന്നതോടെ ഫുട്ബോൾ മൈതാനങ്ങൾ സജീവമാകും. കഴിഞ്ഞ ആഴ്ച്ച ലീഗിലെ ക്ലബുകൾ ചെറുസംഘങ്ങളായി പരിശീലനം ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *