ബ്രസീലിയൻ അലക്സാണ്ടർ അർണോൾഡാവുമോ? വിനീഷ്യസിൽ പ്രതീക്ഷകൾ വാനോളം!

പ്രതിഭാധനരായ റൈറ്റ് ബാക്കുകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത രാജ്യമായിരുന്നു ബ്രസീൽ.കഫുവും കാർലോസ് ആൽബർട്ടോയും ഡാനി ആൽവെസുമൊക്കെ ബ്രസീലിന്റെ വജ്രായുധങ്ങളായിരുന്നു. എന്നാൽ സമീപകാലത്ത് മികവുറ്റ റൈറ്റ് ബാക്കുമാരുടെ കാര്യത്തിൽ ബ്രസീൽ ക്ഷാമം അനുഭവിക്കുന്നുണ്ട് എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്.

ഈയൊരു സന്ദർഭത്തിലാണ് യുവതാരമായ വിനീഷ്യസ് ടോബിയാസ് ബ്രസീലിന് പ്രതീക്ഷകൾ നൽകുന്നത്.ലിവർപൂളിന്റെ സൂപ്പർ താരമായ അലക്സാണ്ടർ അർണോൾഡുമായി സാമ്യം പുലർത്തുന്ന താരമാണ് ടോബിയാസ്. അതുകൊണ്ടുതന്നെ ബ്രസീലിന്റെ അലക്സാണ്ടർ അർനോൾഡാവാൻ വിനീഷ്യസിന് സാധിക്കുമോ എന്നുള്ളതാണ് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ഉയർത്തുന്ന ചോദ്യം.

സെന്റർ മിഡ്‌ഫീൽഡറായി കൊണ്ടായിരുന്നു ഈ പതിനെട്ടുകാരനായ താരം തന്റെ കരിയർ ആരംഭിച്ചിരുന്നത്. എന്നാൽ പിന്നീട് റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മാറുകയായിരുന്നു.ഇന്റർനാസി യോണലിൽ ആയിരുന്ന കാലത്ത് തന്നെ പല യൂറോപ്യൻ പ്രമുഖരും താരത്തെ നോട്ടമിട്ടിരുന്നു. എന്നാൽ ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോണസ്ക്ക് താരത്തെ സ്വന്തമാക്കി.പക്ഷെ ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയതോടെ താരം ക്ലബ് മാറി. എത്തിച്ചേർന്നത് യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക്.

ലോണടിസ്ഥാനത്തിലാണ് താരം റയലിൽ എത്തിയിരിക്കുന്നത്.എന്നാൽ ഈ താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷൻ റയലിനുണ്ട്.റയലിന്റെ ബി ടീമായ കാസ്റ്റില്ലക്ക് വേണ്ടി വിനീഷ്യസ് കളിച്ചു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല റയലിന്റെ സീനിയർ ടീമിനൊപ്പം ഇദ്ദേഹം പരിശീലനവും നടത്തിയിട്ടുണ്ട്.പക്ഷെ സീനിയർ ടീമിന് വേണ്ടി നിലവിൽ കളിക്കാൻ ടോബിയാസിന് സാധിക്കില്ല.എന്തെന്നാൽ യൂറോപ്യൻമാർ അല്ലാത്ത താരങ്ങൾക്ക് ടീമിൽ അനുവദിച്ചിട്ടുള്ള ക്വാട്ട പൂർണ്ണമായിട്ടുണ്ട്.

പക്ഷെ ഭാവിയിൽ വിനീഷ്യസിനെ റയൽ ഉപയോഗപ്പെടുത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല. കാരണം കാർവഹൽ നിറം മങ്ങി തുടങ്ങിയിട്ടുണ്ട്.കൂടാതെ നാച്ചോ,വാസ്‌ക്കസ് എന്നിവർ യഥാർത്ഥ റൈറ്റ് ബാക്കുമാരല്ല.അത്കൊണ്ട് തന്നെ ടോബിയാസിന് റയലിൽ വലിയ ഭാവി പ്രതീക്ഷിക്കുന്നുണ്ട്. അത് ബ്രസീലിനും വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *