ബോബി ചാൾട്ടന്‍ വല്ല സിഗരറ്റ് ബ്രാൻഡുമാണെന്ന് കരുതിക്കാണും: എൻഡ്രിക്കിനെ കളിയാക്കി മുൻ ബ്രസീൽ താരം!
ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് ഈയിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്. നെയ്മർ ജൂനിയറാണോ ബെല്ലിങ്ങ്ഹാമാണോ മികച്ച താരം എന്ന ചോദ്യത്തിന് ബെല്ലിങ്ങ്ഹാം എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.കൂടാതെ ഐഡോളുകളെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ബോബി ചാൾട്ടനെ എൻഡ്രിക്ക് തിരഞ്ഞെടുത്തിരുന്നു. ഇത് എല്ലാവരെയും വളരെയധികം അത്ഭുതപ്പെടുത്തിയിരുന്നു.
18 കാരനായ എൻഡ്രിക്കിന് ഇക്കാര്യത്തിൽ വലിയ പരിഹാസങ്ങൾ ആയിരുന്നു ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്.തിയാഗോ സിൽവ,റാഫിഞ്ഞ,റിച്ചാർലീസൺ എന്നിവരൊക്കെ ഈ താരത്തെ കളിയാക്കിയിരുന്നു.ജൂനിയർ പോലും ഇതിൽ പ്രതികരിച്ചിരുന്നു. മുൻ ബ്രസീലിയൻ താരമായിരുന്ന ഹോസെ ഫെരേര നെറ്റോ ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് എൻഡ്രിക്കിന് നേരെ നടത്തിയിട്ടുള്ളത്. ബോബി ചാൾട്ടൻ വല്ല സിഗരറ്റ് ബ്രാൻഡുമാണെന്ന് കരുതി കാണും എന്നാണ് ഇദ്ദേഹം എൻഡ്രിക്കിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എൻഡ്രിക്കിന് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല.ഞാൻ നെയ്മറുടെ ഫാൻ ഒന്നുമല്ല. പക്ഷേ എന്റെ കുട്ടികൾ നെയ്മറെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. എങ്ങനെയാണ് നെയ്മറിന് മുകളിൽ ബെല്ലിങ്ങ്ഹാമിനെ വെക്കാൻ സാധിക്കുന്നത്. അത് വൻ വിഡ്ഢിത്തമാണ്. നെയ്മർ ബെല്ലിങ്ങ്ഹാമിനെക്കാൾ എത്രയോ മുകളിലാണ്.അടുത്തതാണ് അതിനേക്കാൾ വലിയ തമാശ.എൻഡ്രിക്കിന്റെ ഐഡോൾ ബോബി ചാൾട്ടൻ ആണ്ത്രേ. ബോബി ചാൾട്ടൻ ആരാണെന്ന് പോലും അവന് അറിവുണ്ടാവില്ല. ഏതെങ്കിലും സിഗരറ്റിന്റെ ബ്രാൻഡ് ആയിരിക്കും എന്ന് കരുതി കാണും.എൻഡ്രിക്ക് വെറുമൊരു താരം മാത്രമാണ് ” ഇതാണ് നെറ്റോ പറഞ്ഞിട്ടുള്ളത്.
ഏതായാലും വലിയ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ എൻഡ്രിക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല ബ്രസീലിയൻ ഇതിഹാസങ്ങളെയും തഴഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം ബോബി ചാൾട്ടനെയും പുഷ്കാസിനേയുമൊക്കെ തിരഞ്ഞെടുത്തത്.ബെല്ലിങ്ങ്ഹാമിനെ നെയ്മറെക്കാള്‍ മികച്ച താരമായി പരിഗണിച്ചതും വലിയ വിമർശനങ്ങൾ ഇദ്ദേഹത്തിന് ഏൽക്കാൻ കാരണമായിട്ടുണ്ട്. യൂറോപ്പ്യൻ മാധ്യമങ്ങളുടെയും പണ്ഡിറ്റുകളുടെയും പ്രീതി പിടിച്ചുപറ്റാൻ വേണ്ടിയാണ് എൻഡ്രിക്ക് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പലരുടെയും ആരോപണം.