ബെർണാബു വിടാൻ അപേക്ഷ നൽകി റയൽ മാഡ്രിഡ്‌

ലാലിഗ പുനരാരംഭിക്കാനുള്ള ആലോചനകൾ പുരോഗമിക്കെ പുതിയൊരു അപേക്ഷയുമായി റയൽ മാഡ്രിഡ്‌ യുവേഫയെ സമീപിച്ചു. ഇനി വരും മത്സരങ്ങളിൽ സാന്റിയാഗോ ബെർണാബുവിൽ നിന്ന് മാറി എസ്റ്റാഡിയോ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ കളിക്കാനുള്ള അനുമതിയാണ് യുവേഫയോട് റയൽ ആവശ്യപ്പെട്ടിട്ടുള്ളത്. റയലിന്റെ ബി ടീമായ കാസ്റ്റില്ലയുടെ ഹോം ഗ്രൗണ്ടാണ് ഡിസ്‌റ്റെഫാനോ സ്റ്റേഡിയം. ജൂൺ ആറിന് ലാലിഗ പുനരാംഭിക്കാൻ ആലോചിക്കുന്ന ഈ സന്ദർഭത്തിൽ ബെർണാബു വിടാനാണ് റയലിന്റെ തീരുമാനം. കഴിഞ്ഞ ദിവസം പരിശീലനത്തിന് അനുമതി നൽകികൊണ്ട് ലാലിഗ ഉത്തരവിട്ടിരുന്നു.

മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടക്കുക എന്നുള്ളത് കൊണ്ട് ഏത് സ്റ്റേഡിയത്തിൽ നടക്കുന്നു എന്നതിന് വലിയ പ്രാധ്യാന്യമില്ല. ഇതിനാൽ തന്നെ ഈ സമയം സാന്റിയാഗോ ബെർണാബുവിൽ അറ്റകുറ്റപണികൾ നടത്താൻ സമയം ലഭിച്ചേക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് റയൽ അപേക്ഷ നൽകിയിട്ടുള്ളത്. എന്നിരുന്നാലും ഡിസ്‌റ്റെഫാനോ സ്റ്റേഡിയത്തിലും ഇതിന് മുന്നോടിയായി ചില നവീകരണങ്ങൾ നടത്തേണ്ടി വന്നേക്കും. വാർ സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കാനും ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിന് വേണ്ടിയുള്ള മികച്ച സംവിധാനങ്ങളും ഈ സ്റ്റേഡിയത്തിൽ നിർമിക്കേണ്ടി വന്നേക്കുന്നു. യുവേഫ അനുമതി നൽകിയാൽ എയ്ബർ, വലൻസിയ, റയൽ മയ്യോർക്ക, ഗെറ്റാഫെ, അലാവസ്‌, വിയ്യാറയൽ എന്നിവരായിരിക്കും സന്ദർശകരായി ഇവിടെ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *