ബെർണാബു ഒരു കൊളോസിയം, കളിക്കുമ്പോൾ ഒരു ഗ്ലാഡിയേറ്ററെ പോലെയാണ് തോന്നുക :ബെല്ലിങ്ങ്ഹാം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാമിനെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒരു തകർപ്പൻ സൈനിങ്ങ് തന്നെയാണ് റയൽ നടത്തിയതെന്ന് താരം തന്റെ പ്രകടനത്തിലൂടെ തെളിയിച്ചു. ക്ലബ്ബിനുവേണ്ടി ആകെ കളിച്ച 27 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടാൻ ഈ മധ്യനിര താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ ബെല്ലിങ്ങ്ഹാം തന്നെയാണ്.

ക്ലബ്ബിൽ ഇപ്പോൾ അദ്ദേഹം 6 മാസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. അതിന്റെ ഒരു അനുഭവം ബെല്ലിങ്ങ്ഹാം ഇപ്പോൾ പങ്കുവെച്ചു കഴിഞ്ഞിട്ടുണ്ട്.സാന്റിയാഗോ ബെർണാബുവിൽ ഇറങ്ങുന്നത് ഒരു കൊളോസിയത്തിൽ ഗ്ലാഡിയേറ്റർ ഇറങ്ങുന്നത് പോലെയാണ് എന്നാണ് ബെല്ലിങ്ങ്ഹാം വിശേഷിപ്പിച്ചിട്ടുള്ളത്. അതായത് ബെർണാബുവിൽ കളിക്കുമ്പോൾ സ്വയം ഒരു പോരാളിയായി തോന്നും എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ബെല്ലിങ്ങ്ഹാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബാണ് റയൽ മാഡ്രിഡ് എന്നത് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ നമ്മൾ അത് എക്സ്പീരിയൻസ് ചെയ്യുമ്പോൾ തീർത്തും വ്യത്യസ്തമാണ്.ബെർണാബുവിൽ കളിക്കുന്നത് ഒരു കൊളോസിയത്തിൽ കളിക്കുന്നതുപോലെ നമുക്ക് തോന്നും. ഒരു യഥാർത്ഥ ഗ്ലാഡിയേറ്ററെ പോലെയാണ് നമുക്ക് അവിടെ അനുഭവപ്പെടുക. ക്ലബ്ബ് എത്രത്തോളം വലുതാണ് എന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കാതെ വരും.ആളുകൾ തിരിച്ചറിയാത്ത ഒരു സ്ഥലം പോലും അവിടെ ബാക്കിയില്ല. വളരെ മനോഹരമായ ഒരു അന്തരീക്ഷം തന്നെയാണ് ക്ലബ്ബിനകത്ത് ഉള്ളത് ” ഇതാണ് ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുള്ളത്.

തകർപ്പൻ പ്രകടനം നടത്തുന്ന ഈ താരത്തെ അർഹിച്ച പുരസ്കാരങ്ങളും തേടി എത്തിയിട്ടുണ്ട്. കോപ്പ ട്രോഫിയും ഗോൾഡൻ ബോയ് പുരസ്കാരവുമൊക്കെ ബെല്ലിങ്ങ്ഹാം ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.ക്ലബ്ബിന് വേണ്ടി ആദ്യത്തെ 15 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ആൽഫ്രഡോ ഡി സ്റ്റെഫാനോ എന്നിവരെയൊക്കെ ഇദ്ദേഹം മറികടക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *