ബെൻസിമയേക്കാൾ മികച്ചവനാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ലെവ ബാഴ്സയിലേക്ക് പോവുന്നത് : മുൻ ഏജന്റ്!

ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ഭാവി ഇതുവരെ തീരുമാനമായിട്ടില്ല. ക്ലബ്ബ് വിട്ടുകൊണ്ട് ബാഴ്സയിലേക്ക് പോകാനാണ് ലെവന്റോസ്ക്കി ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുവരെ ബയേൺ അതിനു സമ്മതം മൂളിയിട്ടില്ല. താരത്തെ നിലനിർത്താൻ തന്നെയാണ് ബയേൺ ഇപ്പോൾ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഏതായാലും എന്തുകൊണ്ടാണ് ലെവന്റോസ്ക്കി ബാഴ്സയിലേക്ക് തന്നെ പോകണമെന്ന് നിർബന്ധം പിടിക്കുന്നത് എന്നതിന്റെ കാരണമിപ്പോൾ അദ്ദേഹത്തിന്റെ മുൻ ഏജന്റായ സെസാരി കുചാർസ്ക്കി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ബെൻസിമയേക്കാൾ മികച്ച താരമാണ് താനെന്ന് തെളിയിക്കാൻ വേണ്ടിയാണ് ലെവന്റോസ്ക്കി ബാഴ്സയിലേക്ക് പോവാൻ ഉദ്ദേശിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സെസാരിയുടെ വാക്കുകൾ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റോബർട്ട് ലെവന്റോസ്ക്കി ബാഴ്സയെ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം ബെൻസിമയേക്കാൾ മികച്ച താരമാണ് താനെന്ന് തെളിയിക്കാൻ വേണ്ടിയാണ്.ലെവന്റോസ്ക്കിക്ക് ഒരുപാട് സ്വപ്നങ്ങളൊന്നുമില്ല. ഫുട്ബോൾ കളിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ ജോലിയാണ്. അദ്ദേഹം വളരെയധികം പ്രൊഫഷണലാണ്. റയൽ മാഡ്രിഡും ബാഴ്സലോണയും ഒരേ ലെവലിലുള്ള ടീമുകളാണ്. ഈയൊരു സൈനിങ്ങിന് വേണ്ടി ബാഴ്സയും ലെവയും പോരാട്ടം നടത്തും. അദ്ദേഹം ബാഴ്സയിൽ എത്താൻ തന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത്. അതിനുവേണ്ടിയാണ് അദ്ദേഹമിപ്പോൾ ബയേണിൽ സമ്മർദ്ദം ചെലുത്തുന്നത് ” ഇതാണ് സെസാരി പറഞ്ഞിട്ടുള്ളത്.

ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ ബെൻസിമക്കാണ് ഇത്തവണ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.അതേസമയം ലെവന്റോസ്ക്കിക്ക് ബാലൺ ഡി’ഓർ എന്നുള്ളത് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *