ബെൻസിമയെത്തുന്നു, പുതിയ ചില ലക്ഷ്യങ്ങളുമായി!

റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ അദ്ദേഹം എന്നും ഓർമ്മിക്കുന്ന ഒരു സീസണായിരിക്കും.റയലിനൊപ്പം ലാലിഗ കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നേടാൻ ബെൻസിമക്ക് സാധിച്ചിരുന്നു.15 ഗോളുകൾ നേടിയ ബെൻസീമ തന്നെയായിരുന്നു ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോറർ. കഴിഞ്ഞ സീസണിൽ ആകെ 44 ഗോളുകളായിരുന്നു താരം നേടിയിരുന്നത്.

അതുകൊണ്ടുതന്നെ ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും ബെൻസിമ തന്നെയാണ്.താരമിപ്പോൾ പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്.ബെൻസിമക്കൊത്ത ഒരു പകരക്കാരനെ ഇതുവരെ കണ്ടെത്താൻ റയലിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല അമേരിക്കക്കെതിരെയുള്ള സൗഹൃദമത്സരത്തിൽ ഗോൾ നേടിക്കൊണ്ട് ബെൻസിമ വരവറിയിക്കുകയും ചെയ്തിരുന്നു.

ഏതായാലും പുതിയ സീസണിൽ ബെൻസിമക്ക് മുന്നിൽ പുതിയ ചില ലക്ഷ്യങ്ങളുമുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക അത് വിശദീകരിച്ചിട്ടുണ്ട്.നമുക്ക് അതൊന്നു പരിശോധിക്കാം.

ആദ്യമായി ആറാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതായിരിക്കും. അത് സ്വന്തമാക്കാൻ കഴിഞ്ഞാൽ ഇതിഹാസതാരം ഹെന്റോയുടെ ഒപ്പമത്താൻ ബെൻസീമക്ക് സാധിക്കും. മാത്രമല്ല റയലിനൊപ്പമുള്ള താരത്തിന്റെ കിരീടനേട്ടം 23 ആയി ഉയരുകയും ചെയ്യും. 25 കിരീടങ്ങൾ നേടിയ മാഴ്സെലോയാണ് ഒന്നാം സ്ഥാനത്തുള്ളത്.

മറ്റൊരു ലക്ഷ്യം റൗളിനെ മറികടക്കുക എന്നുള്ളതാണ്. ചരിത്രത്തിൽ റയലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം റൗളാണ്.323 ഗോളുകൾ നേടിയ റൗളിനൊപ്പമാണ് നിലവിൽ ബെൻസിമയുള്ളത്.

മറ്റൊരു ലക്ഷ്യം ലാലിഗ ടോപ് സ്കോറർക്ക് സമ്മാനിക്കുന്ന പിച്ചിച്ചി ട്രോഫി നിലനിർത്തുക എന്നുള്ളതാണ്. കാരണം ഇത്തവണ വെല്ലുവിളി ഉയർത്താൻ ബാഴ്സയിൽ റോബർട്ട് ലെവന്റോസ്ക്കി എത്തിച്ചേർന്നിട്ടുണ്ട്.

മറ്റൊരു ലക്ഷ്യം ഫ്രാൻസിനൊപ്പം വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതായിരിക്കും. കഴിഞ്ഞ തവണ ഫ്രാൻസ് വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ബെൻസിമക്ക് ടീമിൽ ഇടമില്ലായിരുന്നു. എന്നാൽ ടീമിലേക്ക് തിരിച്ചെത്തിയ അദ്ദേഹം യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.ഏതായാലും ഖത്തർ വേൾഡ് കപ്പിലെ കിരീടഫേവറേറ്റുകളിൽ ഒന്നാണ് ഫ്രാൻസ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഇതൊക്കെയാണ് ബെൻസിമക്ക് മുന്നിലുള്ള ലക്ഷ്യങ്ങളായി കൊണ്ട് മാർക്ക നൽകിയിട്ടുള്ളത്. ഇതൊക്കെ പൂർത്തീകരിക്കാൻ താരത്തിന് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *