ബെല്ലിങ്ഹാമിൽ തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്തെന്ന് പറഞ്ഞ് ആഞ്ചലോട്ടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്. ഒരിക്കൽ കൂടി ജൂഡ് ബെല്ലിങ്ഹാം റയലിന്റെ രക്ഷകനാവുകയായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അദ്ദേഹം നേടിയ ഗോളാണ് റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുത്തത്.
റയൽ മാഡ്രിഡിന് വേണ്ടി ആകെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടാൻ ഇപ്പോൾ ബെല്ലിങ്ഹാമിന് സാധിച്ചിട്ടുണ്ട്. നിലവിൽ ലാലിഗയിലെ ടോപ്പ് സ്കോററും അദ്ദേഹം തന്നെയാണ്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ഈ സൂപ്പർ താരത്തെ പ്രശംസിച്ചിട്ടുണ്ട്.ബെല്ലിങ്ഹാമിന്റെ ക്വാളിറ്റി തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ ഗോളടി അത്ഭുതപ്പെടുത്തുന്നുണ്ട് എന്നുമാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
A place like no other. Mi Casa!🤍#HalaMadrid pic.twitter.com/0TE4GrnvY7
— Jude Bellingham (@BellinghamJude) September 2, 2023
“ബെല്ലിങ്ഹാമിന്റെ ക്വാളിറ്റി എന്നെ അത്ഭുതപ്പെടുത്തുന്നില്ല. അത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ ഇദ്ദേഹത്തിന്റെ ഗോൾ സ്കോറിങ് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. തീർച്ചയായും ബെല്ലിങ്ഹാമിന് ഒരു തടസ്സവും കൂടാതെ 15 ഗോളുകൾ നേടാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ബോളിന്റെ അഭാവത്തിലും കൃത്യമായി മുന്നേറാൻ അദ്ദേഹത്തിന് സാധിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്വാളിറ്റി. എപ്പോഴും ഗോളിലേക്ക് ലക്ഷ്യം വച്ചുകൊണ്ട് മുന്നേറാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് അദ്ദേഹം. ഒരിക്കലും പിന്നോട്ട് കളിക്കാൻ അദ്ദേഹം ആഗ്രഹിക്കാറില്ല ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
ലീഗിൽ കളിച്ച നാലു മത്സരങ്ങളിലും റയൽ മാഡ്രിഡ് വിജയിച്ചിട്ടുണ്ട്. ഈ നാല് മത്സരങ്ങളിലും രക്ഷകനായത് ബെല്ലിങ്ഹാം തന്നെയാണ്. അടുത്ത മത്സരത്തിൽ റയൽ സോസിഡാഡാണ് റയലിന്റെ എതിരാളികൾ. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് ആ മത്സരം നടക്കുക.