ബെല്ലിങ്ഹാമിന്റെ കാര്യത്തിൽ അസ്വസ്ഥനാണ് : അഗ്വേറോ
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് സൂപ്പർതാരമായ ജൂഡ് ബെല്ലിങ്ഹാം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ക്ലബ്ബിന് വേണ്ടി ആകെ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു. അതായത് റയൽ മാഡ്രിഡ് ഈ സീസണിൽ ആകെ നേടിയ 27 ഗോളുകളിൽ 14 ഗോളുകളിലും ഈ താരത്തിന്റെ പങ്കാളിത്തമുണ്ട്. മാസ്മരിക പ്രകടനമാണ് ഇപ്പോൾ ഈ മധ്യനിര താരം പുറത്തെടുക്കുന്നത്.
താരത്തെ സ്വന്തമാക്കാൻ വേണ്ടി മാഞ്ചസ്റ്റർ സിറ്റി ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അത് ഫലം കണ്ടിരുന്നില്ല.ബെല്ലിങ്ഹാം റയലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ ഇതിഹാസമായ സെർജിയോ അഗ്വേറോ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്.ബെല്ലിങ്ഹാമിനെ കൺവിൻസ് ചെയ്യിക്കാൻ പെപ്പിന് സാധിക്കാതെ പോയതിൽ താൻ വളരെയധികം നിരാശനാണ് എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jude Bellingham 🥶 pic.twitter.com/7zdk50etxu
— Madrid Xtra (@MadridXtra) October 26, 2023
” ലോകത്തിലെ ഏറ്റവും മികച്ച താരത്തിലേക്കുള്ള വഴിയിലാണ് ജൂഡ് ബെല്ലിങ്ഹാം ഇപ്പോൾ ഉള്ളത്.ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനോടൊപ്പം അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. ഒരു യുവതാരമായിരുന്നിട്ടും വലിയ ടീമിന് വേണ്ടി കളിക്കുന്നതിന്റെ സമ്മർദ്ദങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ അലട്ടുന്നില്ല.അതാണ് ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടേണ്ടത്. ഈ പ്രകടനം സ്ഥിരതയോടു കൂടി മുന്നോട്ടു കൊണ്ടുപോയാൽ ലോകത്തെ മികച്ച താരമായി മാറാൻ അദ്ദേഹത്തിന് കഴിയുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പെപ് ഗാർഡിയോളക്ക് ബെല്ലിങ്ഹാമിനെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൊണ്ടുവരാൻ കൺവിൻസ് ചെയ്യിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തീർത്തും നിരാശപ്പെടുത്തുന്ന ഒരു കാര്യമാണ് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബെല്ലിങ്ഹാമിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നത്. ഇത്രയും മികച്ച ഒരു തുടക്കം അദ്ദേഹത്തിന് ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.റയലിൽ പല റെക്കോർഡുകളും തിരുത്തി എഴുതാൻ ബെല്ലിംഗ്ഹാമിന് സാധിച്ചിട്ടുണ്ട്.