ബെല്ലിങ്ങ്ഹാമിന് സംഭവിച്ചത് കണ്ടില്ലേ? അധികൃതർക്കെതിരെ ആഞ്ഞടിച്ച് തിയറി ഹെൻറി!
ഓരോ സീസൺ കൂടുന്തോറും ഓരോ താരങ്ങൾക്കും കളിക്കേണ്ടി വരുന്ന മത്സരങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഒരു കാഴ്ചയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. നിരവധി മത്സരങ്ങളാണ് ഒരു സീസണിൽ ഓരോ താരങ്ങളും കളിക്കേണ്ടി വരുന്നത്.യുവേഫ നേഷൻസ് ലീഗ് പുതുതായി കൊണ്ടുവന്നതാണ്. കൂടാതെ ചാമ്പ്യൻസ് ലീഗ് പുതിയ ഫോർമാറ്റിലേക്ക് മാറി.കൂടുതൽ മത്സരങ്ങൾ ഓരോ ക്ലബ്ബുകളും പുതിയ ഫോർമാറ്റിൽ കളിക്കേണ്ടതുണ്ട്.ഇനിയിപ്പോ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് കൂടി വികസിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തിൽ വിശ്രമങ്ങൾ ഇല്ലാതെ മത്സരങ്ങൾ കളിക്കേണ്ടി വരുകയാണ് ഓരോ താരങ്ങളും.
ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി രംഗത്ത് വന്നിട്ടുണ്ട്. ഈ ഷെഡ്യൂളുകൾ ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.ജൂഡ് ബെല്ലിങ്ങ്ഹാമിന്റെ പരിക്ക് അദ്ദേഹം ഉദാഹരണമായി കൊണ്ട് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.CBS എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹെൻറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളെ സംബന്ധിച്ചിടത്തോളം അഥവാ CBS ചാനലിനെ സംബന്ധിച്ചിടത്തോളം കൂടുതൽ മത്സരങ്ങൾ ഉണ്ടാവുന്നത് ഗുണകരമാണ്. കാരണം കൂടുതൽ മത്സരങ്ങളെ കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് കഴിയും. എന്നാൽ താരങ്ങളുടെ ഭാഗത്തുനിന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഒരു മുൻ താരം എന്ന നിലയിലും ഒരു പരിശീലകൻ എന്ന നിലയിലും എനിക്ക് പറയാനാകും,ഇപ്പോൾ ഇവരെല്ലാം ചെയ്യുന്നത് ഓവർലോഡ് ആണ് എന്നുള്ളത്.ബെല്ലിങ്ങ്ഹാമിന് ഓൾറെഡി പരിക്കേറ്റു കഴിഞ്ഞു. ക്ലബ്ബിനോടൊപ്പം നിരവധി മത്സരങ്ങൾ കളിച്ചു കഴിഞ്ഞതിനുശേഷമാണ് ഇവർക്ക് രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടി വരുന്നത്. ഉടനെ ക്ലബ്ബിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യുന്നു. ഒരുപാട് മത്സരങ്ങൾ നമുക്ക് കാണാം എന്നുള്ളത് ശരിയാണ്. പക്ഷേ താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും നല്ല കാര്യമല്ല ” ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ഒരുപാട് മത്സരങ്ങൾ ബെല്ലിങ്ങ്ഹാമിന് കളിക്കേണ്ടി വന്നിരുന്നു. ഇതിനോടകം തന്നെ ഒരുപാട് താരങ്ങളെ പരിക്ക് പിടികൂടിയിട്ടുണ്ട്. എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരമായ പെഡ്രി ഒരു സീസണിൽ എഴുപതോളം മത്സരങ്ങൾ കളിച്ചുകൊണ്ട് റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് പരിക്ക് അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. പല താരങ്ങളും ഇതിനെതിരെ ശബ്ദമുയർത്തിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. താരങ്ങളുടെ സംഘടനയായ ഫിഫ് പ്രൊ ഇക്കാര്യത്തിൽ ഒരു കേസ് നൽകുകയും ചെയ്തിട്ടുണ്ട്.