ബെല്ലിങ്ങ്ഹാമിന്റെ പ്രകടനം മോശമാവാൻ കാരണം എംബപ്പേ: സ്പാനിഷ് മീഡിയ!
ഈ സീസണിൽ കിലിയൻ എംബപ്പേ കൂടി വന്നതോടെ റയൽ മാഡ്രിഡ് താരസമ്പന്നമായി മാറുകയായിരുന്നു. നിരവധി സൂപ്പർ താരങ്ങളാണ് ഇപ്പോൾ റയൽ മാഡ്രിഡിൽ ഉള്ളത്. എന്നാൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ഈ സീസണിൽ ഇതിനോടകം തന്നെ ഒരു തോൽവിയും മൂന്ന് സമനിലകളും റയൽ മാഡ്രിഡ് വഴങ്ങി കഴിഞ്ഞിട്ടുണ്ട്.ആരാധകർക്ക് പൂർണ്ണ സംതൃപ്തി ലഭിക്കുന്ന ഒരു പ്രകടനം ക്ലബ്ബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് ബെല്ലിങ്ങ്ഹാം. എന്നാൽ ഈ സീസണിൽ അതുപോലെയുള്ള ഒരു പ്രകടനം താരത്തിൽ നിന്നും വന്നിട്ടില്ല.എംബപ്പേ വന്നതുകൊണ്ട് തന്നെ ബെല്ലിങ്ങ്ഹാമിന് ഇപ്പോൾ കൂടുതൽ പിറകിലേക്ക് ഇറങ്ങി കളിക്കേണ്ടി വരുന്നുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ AS ഇക്കാര്യത്തിൽ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്.എംബപ്പേയുടെ വരവ് തന്നെയാണ് ബെല്ലിങ്ങ്ഹാമിന്റെ പ്രകടനത്തെ ബാധിക്കാൻ കാരണമെന്നാണ് ഇവരുടെ നിരീക്ഷണം.AS എഴുതിയതിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
“ബെല്ലിങ്ങ്ഹാമിന്റെ പ്രകടനം മോശമായി എന്നുള്ളത് വളരെ പ്രകടമായ ഒരു കാര്യമാണ്.ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.രണ്ട് അസിസ്റ്റുകൾ മാത്രമാണ് ഉള്ളത്. 7 മത്സരങ്ങൾ അദ്ദേഹം കളിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പക്ഷേ ഇതുവച്ച് താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം എംബപ്പേ വന്നതുകൊണ്ട് തന്നെ ബെല്ലിങ്ങ്ഹാമിന്റെ റോൾ വ്യത്യസ്തമാണ്. പക്ഷേ ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ബെല്ലിങ്ങ്ഹാം ഇനിയും തന്റെ ബെസ്റ്റ് വേർഷൻ കണ്ടെത്തേണ്ടതുണ്ട് ” ഇതാണ് സ്പാനിഷ് മാധ്യമം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ഒരു പ്രോപ്പർ നമ്പർ നയൻ സ്ട്രൈക്കർ ഇല്ലാത്തതുകൊണ്ട് ബെല്ലിങ്ങ്ഹാമിന് കൂടുതൽ ഫ്രീഡം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് കൂടുതൽ ഗോളുകളും അസിസ്റ്റുകളും ഉണ്ടായിരുന്നത്.എന്നാൽ എംബപ്പേ വന്നതുകൊണ്ട് തന്നെ പഴയ ആ ഫ്രീഡം താരത്തിന് ലഭിക്കുന്നില്ല.എന്നിരുന്നാൽ പോലും മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിക്കുന്നുണ്ട് എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല.