ബെറ്റിസിന് ഗാർഡ് ഓഫ് ഹോണർ നൽകി,സാവിക്കും ബാഴ്സക്കും കയ്യടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ അൻസു ഫാറ്റി,ജോർദി ആൽബ എന്നിവരായിരുന്നു ബാഴ്സയുടെ ഗോളുകൾ നേടിയത്. ഇതോടെ ഔദ്യോഗികമായി അടുത്ത് ചാമ്പ്യൻസ് ലീഗിന് ബാഴ്സ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.
ഈ മത്സരത്തിന് മുന്നേ റയൽ ബെറ്റിസ് താരങ്ങൾക്ക് ബാഴ്സ താരങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ചിരുന്നു. അതായത് ഈ സീസണിലെ കോപ ഡെൽ റേ കിരീടം റയൽ ബെറ്റിസായിരുന്നു നേടിയിരുന്നത്.വലൻസിയയെയായിരുന്നു ബെറ്റിസ് ഫൈനലിൽ കീഴടക്കിയത്. ഈ കിരീട ജേതാക്കളോടുള്ള ആദരസൂചകമായാണ് ബാഴ്സ ഗാർഡ് ഓഫ് ഹോണർ നൽകിയത്. ഗാർഡ് ഓഫ് ഹോണർ നൽകുമെന്നുള്ള കാര്യം മത്സരത്തിന് മുന്നേ തന്നെ ബാഴ്സയുടെ പരിശീലകനായ സാവി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
— Murshid Ramankulam (@Mohamme71783726) May 8, 2022
” കോപ്പ ഡെൽ റേ കിരീടം നേടിയതിന് ഞങ്ങൾ റയൽ ബെറ്റിസിന് ഗാർഡ് ഓഫ് ഹോണർ നൽകും. ഇത് സ്പോർട്സ്മാൻഷിപ്പിന്റെ മൂല്യം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ വേണ്ടിയാണ്. നിങ്ങൾ കരുതുന്നതുപോലെ ഗാർഡ് ഓഫ് ഹോണർ ഒരിക്കലും ഒരു നാണക്കേടല്ല ” ഇതാണ് സാവി പറഞ്ഞിരുന്നത്.
വലിയ രൂപത്തിലുള്ള പ്രശംസകളാണ് സാവിക്കും ബാഴ്സക്കും ഈയൊരു പ്രവർത്തിയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ലാലിഗ ചാമ്പ്യൻമാരായ റയലിന് അത്ലറ്റിക്കോ മാഡ്രിഡ് ഗാർഡ് ഓഫ് ഹോണർ നൽകണോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വലിയ ഡിബേറ്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്.