ബാഴ്‌സ മെസ്സിയോട് നിരന്തരം കള്ളം പറഞ്ഞു, ജോൺ ലപോർട്ട വെളിപ്പെടുത്തുന്നു !

ഈ വരുന്ന ബാഴ്‌സ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാളാണ് ജോൺ ലപോർട്ട. ഏഴ് വർഷക്കാലം ബാഴ്‌സയുടെ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ച പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം മെസ്സിയുടെ കാര്യത്തിൽ ബാഴ്‌സക്കെതിരെ തന്നെ വിമർശനമുയർത്തിയിരിക്കുകയാണിപ്പോൾ. മെസ്സിയോട് ബാഴ്സ നിരന്തരം കള്ളം പറഞ്ഞു എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. അതിന്റെ അനന്തരഫലമായാണ് ആരും ആഗ്രഹിക്കാത്ത രീതിയിൽ കാര്യങ്ങൾ മാറിയതെന്നും ലപോർട്ട അറിയിച്ചു. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇദ്ദേഹത്തിന്റെ വാക്കുകളെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ വരുന്ന ജനുവരി 24-ആം തിയ്യതിയാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ താൻ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ മെസ്സിയെ കൺവിൻസ്‌ ചെയ്ത് ബാഴ്സയിൽ തുടരിപ്പിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ബാഴ്‌സ മെസ്സിയോട് തുടർച്ചയായി കള്ളം പറയുകയായിരുന്നു. അതിന്റെ അനന്തരഫലമായാണ് ആരും ആഗ്രഹിക്കാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയത്. ചാമ്പ്യൻസ് ലീഗ് മറ്റുള്ള ടീമുകളങ്ങനെ നേടുന്നത് മെസ്സിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി കൂടെയുണ്ടായിട്ടും ബാഴ്‌സക്ക്‌ അത്‌ നേടാൻ സാധിക്കുന്നില്ല. അദ്ദേഹത്തിനും ക്ലബ്ബിനും ഇടയിലുള്ള ചരിത്രം മനോഹരമാണ്. അത്കൊണ്ട് തന്നെ പുതിയ പ്രസിഡന്റ്‌ അദ്ദേഹം തുടരുമെന്ന് ഉറപ്പ് വരുത്തണം. ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ മെസ്സിക്ക് ഒരു പ്രൊപോസൽ ക്ലബ്‌ നൽകണം. അത്‌ മെസ്സിയെ തുടരാൻ പ്രേരിപ്പിക്കുന്ന ഒന്നായിരിക്കണം. ഞാൻ പ്രസിഡന്റ്‌ ആയി എത്തുകയാണെങ്കിൽ അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ട് ” ലപോർട്ട പറഞ്ഞു. പെപ് ഗ്വാർഡിയോളയെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവന്നത് ലപോർട്ടയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *