ബാഴ്‌സ പരിശീലകനായ സാവിക്ക് ഇനിയേസ്റ്റയുടെ സന്ദേശം!
ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇതിഹാസതാരമായ സാവിയെ എഫ്സി ബാഴ്സലോണ തങ്ങളുടെ പരിശീലകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഖത്തർ ക്ലബായ അൽ സാദിന് ഒരുപിടി കിരീടങ്ങൾ നേടികൊടുത്തതിന് ശേഷമാണ് സാവി മുൻ ക്ലബായ ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നത്.
ഏതായാലും ബാഴ്‌സയുടെ പരിശീലകനായി ചുമതലയേറ്റ സാവിക്ക് എല്ലാ വിധ ആശംസകളും നേർന്നിരിക്കുകയാണിപ്പോൾ മുൻ സഹതാരമായ ആൻഡ്രസ് ഇനിയേസ്റ്റ.വെല്ലുവിളികൾ ഏറ്റെടുക്കാൻ സാവി തയ്യാറായെന്നും അദ്ദേഹം വിജയശ്രീലാളിതനാവുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ഇനിയേസ്റ്റ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 8, 2021
” സാവി തയ്യാറാണ്.അദ്ദേഹം കഴിവുള്ളവനും ഇതിന് വേണ്ടി തയ്യാറായവനുമാണ്.ബാഴ്‌സക്ക് ഏറ്റവും യോജിച്ച പരിശീലകനാണ് അദ്ദേഹം എന്ന കാര്യം ഞങ്ങൾക്കുറപ്പാണ്.ക്ലബ്ബിനെയും ലാ മാസിയയെയും അദ്ദേഹത്തിന് അറിയും എന്ന കാരണത്താൽ മാത്രമല്ല, മറിച്ച് അദ്ദേഹം ഇതിന് തയ്യാറായിട്ടുണ്ട് എന്നതാണ്. ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹം വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി കഴിഞ്ഞു. ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമുണ്ടാവില്ലെന്ന് എനിക്കുറപ്പാണ്. കാരണം ഏറെക്കാലമായി അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സാഹചര്യങ്ങളിൽ നിന്നും ഉയർന്നുവന്ന് വിജയശ്രീലാളിതനാവാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇനിയേസ്റ്റ പറഞ്ഞു.
ഫുട്ബോൾ ലോകത്തെ വലിയ ഇതിഹാസ കൂട്ടുകെട്ടിൽ ഒന്നായിരുന്നു സാവി-ഇനിയേസ്റ്റ സഖ്യം. നിലവിൽ ജാപനീസ് ക്ലബായ വിസൽ കോബേക്ക് വേണ്ടിയാണ് ഇനിയേസ്റ്റ കളിച്ചു കൊണ്ടിരിക്കുന്നത്.