ബാഴ്‌സയിൽ തലമുറമാറ്റം, പതിനഞ്ചോളം താരങ്ങളെ ഒഴിവാക്കാൻ ലാപോർട്ട,2008 ആവർത്തിക്കുമോ?

ബാഴ്‌സയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രസിഡന്റ്‌ ജോയൻ ലാപോർട്ട പ്രസ്താവിച്ചിരുന്നു. ബാഴ്‌സയുടെ ആ സൈക്കിളിന് വിരാമമായി എന്നായിരുന്നു ഇദ്ദേഹം അതേകുറിച്ച് പറഞ്ഞത്. ഇതോടെ ബാഴ്സയിൽ ഒരു വമ്പൻ അഴിച്ചു പണി ഉണ്ടാവുമെന്നുറപ്പായി കഴിഞ്ഞു. അത് ശരിവെക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ് സ്പാനിഷ് മാധ്യമങ്ങൾ ഇപ്പോൾ പുറത്ത് വിടുന്നത്. ബാഴ്സയിലെ 10 മുതൽ പതിനഞ്ചോളം താരങ്ങളെ ക്ലബ് വിറ്റൊഴിവാക്കുമെന്നാണ് സ്പോർട്ട് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.ഇതിന് മുമ്പും ലാപോർട്ട ഇത്തരത്തിലുള്ള അഴിച്ചു പണികൾ നടത്തിയിട്ടുണ്ട്.2003 -ലും 2008-ലുമായിരുന്നു മുമ്പ് ലാപോർട്ട ബാഴ്‌സയിൽ അഴിച്ചു പണികൾ നടത്തിയത്.2008 -ലെ അഴിച്ചു പണിക്ക് ശേഷം അത്ഭുതകരമായ നേട്ടങ്ങളായിരുന്നു ബാഴ്സ കൈവരിച്ചിരുന്നത്. അത്‌ ആവർത്തിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ.

2003 ൽ ലാപോർട്ട പ്രസിഡന്റ്‌ ആയി എത്തിയ സമയത്ത് നാല് പേരെ ടീമിൽ നിന്നും വിറ്റപ്പോൾ ഏഴ് പേരെ ടീമിൽ എത്തിച്ചിരുന്നു. അതിന് ശേഷം 2008-ലാണ് വമ്പൻ അഴിച്ചു പണി ലാപോർട്ട ബാഴ്‌സയിൽ നടത്തിയത്.14 പേരെ ഒഴിവാക്കിയപ്പോൾ 10 പുതിയ താരങ്ങളെ എത്തിക്കുകയും ചെയ്തു. അതോടെ ബാഴ്സയുടെ തലവര തന്നെ മാറുകയായിരുന്നു. അത്തരത്തിലുള്ള ഒരു മാറ്റമാണ് ഇത്തവണ ആരാധകർ പ്രതീക്ഷിക്കുന്നത്.ടീമിലെ അംഗങ്ങൾക്ക് വിന്നിംഗ് സ്പിരിറ്റ്‌ നഷ്ടമായിരിക്കുന്നു എന്ന കാര്യം ലാപോർട്ട മനസ്സിലാക്കിയിട്ടുണ്ട്. അത്കൊണ്ട് തന്നെ 10 മുതൽ 15 താരങ്ങൾ വരെ മറ്റേതെങ്കിലും ക്ലബ് തേടാൻ സാധ്യതയുണ്ട് എന്നാണ് സ്പോർട്ടിന്റെ കണ്ടെത്തൽ. കൂട്ടീഞ്ഞോ, ഗ്രീസ്‌മാൻ, ഉംറ്റിറ്റി, റോബെർട്ടോ തുടങ്ങിയ താരങ്ങളെയും ബാഴ്സ കയ്യൊഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *