ബാഴ്‌സക്ക് സുവാരസിനെ വേണ്ട : കൂമാൻ

സൂപ്പർ താരം ലൂയിസ് സുവാരസിന് തന്റെ പദ്ധതികളിൽ ഇടമില്ലെന്നും അതിനാൽ താരത്തോട് ക്ലബ് വിടാൻ കൂമാൻ പറഞ്ഞു എന്നുമായിരുന്നു തുടക്കത്തിൽ വന്ന വാർത്തകൾ. പരിശീലകനായി ചുമതലയേറ്റ ശേഷം റൊണാൾഡ് കൂമാൻ ലൂയിസ് സുവാരസിനെ വിളിക്കുകയും ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്ന സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത് എന്നുമായിരുന്നു റിപ്പോർട്ടുകൾ. കൂമാന് താല്പര്യമില്ലാത്തതിനാലാണ് സുവാരസിനെ ബാഴ്സ ഒഴിവാക്കുന്നത് എന്നായിരുന്നു ഇത്രയും കാലം പ്രചരിച്ചിരുന്ന വാർത്തകൾ. എന്നാൽ ഇതിന് നേർവിപരീതമായാണ് സംഭവിച്ചത് എന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണിപ്പോൾ മാധ്യമങ്ങൾ. തനിക്ക് സുവാരസിനെ നിലനിർത്താൻ താല്പര്യമുണ്ടെന്നും എന്നാൽ ക്ലബാണ് താരത്തെ വേണ്ട എന്ന് പറഞ്ഞതെന്നുമാണ് കൂമാൻ സുവാരസിനോട് ഫോണിലൂടെ അറിയിച്ചത് എന്നാണ് വാർത്തകൾ.

“കാര്യങ്ങൾ എന്റെ കയ്യിലായിരുന്നുവെങ്കിൽ നിനക്കിവിടെ തുടരാമായിരുന്നു. എന്നാൽ ക്ലബ്ബിന് തന്നെ ആവിശ്യമില്ല ” ഇതാണ് കൂമാൻ സുവാരസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് സുവാരസിനെ കൂമാൻ തഴഞ്ഞിരുന്നു. ഇതോടെ താരം ക്ലബ്ബിന് പുറത്തേക്ക് തന്നെയാണ് എന്ന് വെളിവാകുകയായിരുന്നു. യുവന്റസ്, അത്ലറ്റിക്കോ എന്നീ രണ്ട് ക്ലബുകളിൽ ഒന്നിലേക്കായിരിക്കും താരം കൂടുമാറുക. എന്നാൽ താരത്തിന്റെ ആഗ്രഹം ബാഴ്സയിൽ തുടരണമെന്നാണ്. ക്ലബ് പ്രസിഡന്റ്‌ ബർതോമ്യു ഇതുവരെ സുവാരസുമായി സംസാരിക്കാൻ തയ്യാറായിട്ടില്ല. ഈ സീസണിൽ സുവാരസിന് ബാഴ്സയിൽ തുടരാൻ സാധിച്ചാൽ കരാർ പുതുക്കാനുള്ള ഒരവസരം കൂടി കൈവരും. ഈ സീസണിലെ അറുപത് ശതമാനം മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിഞ്ഞാൽ താരത്തിന്റെ കരാർ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. എന്നാൽ താരത്തെ ഒഴിവാക്കാൻ തന്നെയാണ് ബാഴ്സയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *