ബാഴ്‌സക്കെതിരെ ഗോൾ നേടിയാൽ എന്ത്ചെയ്യുമെന്ന് തുറന്നു പറഞ്ഞ് ലൂയിസ് സുവാരസ് !

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ബാഴ്സക്കെതിരെയുള്ള വിമർശനങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം എഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് ബാഴ്സ തന്നെ കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത ഭാഷയിൽ സുവാരസ് വിമർശനമറിയിച്ചത്. തന്നെ ബാഴ്സയിൽ നിന്നും പുറത്താക്കിയ വിവരം താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിന് ശേഷമാണ് ക്ലബ് തന്നെ അറിയിച്ചതെന്നുമാണ് സുവാരസ് പറഞ്ഞത്. കൂടാതെ ബാഴ്സക്കെതിരെ ഗോൾനേടിയാൽ ആഘോഷിക്കില്ലെന്നും എന്നാൽ ബാഴ്സ ബോർഡിനെതിരെ പ്രതിഷേധമറിയിക്കാൻ വേണ്ടി മറ്റെന്തെങ്കിലും ചെയ്യുമെന്നും സുവാരസ് അറിയിച്ചു. ബാഴ്സക്ക്‌ ഒരു യുവ ഫോർവേഡിനെ ആവിശ്യമുള്ള കാര്യം താൻ മുമ്പേ അറിയിച്ചതാണെന്നും എന്നാൽ ബാഴ്‌സ അത് ചെവികൊണ്ടില്ലെന്നും പകരം തന്നെ പുറത്താക്കുകയാണ് ചെയ്തതെന്നും സുവാരസ് ആരോപിച്ചു. നവംബർ 22-നാണ് ബാഴ്‌സ അത്ലെറ്റിക്കോ മാഡ്രിഡിനെ നേരിടുന്നത്.അത്ലെറ്റിക്കോയുടെ മൈതാനത്ത് വെച്ചാണ് മത്സരം.

” അവർ എന്നെയും എന്റെ കുടുംബത്തെയും ഒരുപാട് വേദനിപ്പിച്ചു. മാന്യതക്ക്‌ നിരക്കാത്ത രൂപത്തിലാണ് അവർ കാര്യങ്ങളെ കൈകാര്യം ചെയ്തത്. ബാഴ്സ പറയുന്നതിന് മുമ്പ് തന്നെ ഒഴിവാക്കിയ കാര്യം ഞാൻ മാധ്യമങ്ങളിലൂടെയും മറ്റുള്ള ആളുകൾ പറഞ്ഞതിലൂടെയും അറിഞ്ഞിരുന്നു. അതിന് ശേഷമാണ് പരിശീലകൻ വിളിച്ച് എന്നെ ഇക്കാര്യം അറിയിക്കുന്നത്. എന്നാൽ അതിന്റെ പത്ത് ദിവസം മുമ്പ് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. ഞാൻ എന്റെ ജീവിതത്തിലെ ആറു വർഷമാണ് ബാഴ്സയിൽ ചിലവഴിച്ചത്. ഞാനെപ്പോഴും അവരോട് പറയുന്ന കാര്യമാണ് ഒരു യുവഫോർവേഡിനെ ടീമിന് ആവിശ്യമുണ്ട് എന്ന്. എന്നോടൊപ്പം മത്സരിക്കാൻ ഒരാളെ ആവിശ്യമുണ്ട് എന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു. പക്ഷെ അതവർ ചെവികൊണ്ടില്ല. എന്നെ എന്താണ് അവർ ചെയ്യാൻ പോവുന്നതെന്ന് ഞാൻ മെസ്സിയോട് പറഞ്ഞിരുന്നു. ഞാൻ പരിശീലനത്തിന് പോയത് സന്തോഷത്തോടെയായിരുന്നു. എന്നാൽ ദുഃഖത്തോടെ മടങ്ങുകയും ചെയ്തു. ഞാൻ ബാഴ്സക്കെതിരെ ഗോൾനേടിയാൽ കൂടുതൽ ആഘോഷിക്കുകയൊന്നുമില്ല. എന്നാൽ പ്രതിഷേധമറിയിക്കാൻ എന്തെങ്കിലുമൊന്ന് കണ്ടെത്തും “സുവാരസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *