ബാഴ്സ സൂപ്പർ താരത്തിന് ഭീമൻ ഓഫർ വാഗ്ദാനം ചെയ്ത് പിഎസ്ജി!
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. ബാഴ്സയിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഡെമ്പലെ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
എന്നാൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് താരത്തിൽ വലിയ താല്പര്യമുണ്ട്. കൂടുതൽ യുവതാരങ്ങളെ എത്തിച്ചുകൊണ്ട് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. അതുകൊണ്ടുതന്നെ ഡെമ്പലെക്ക് ഒരു വമ്പൻ ഓഫർ പിഎസ്ജി ഇപ്പോൾ നൽകിയിട്ടുണ്ട്. ഒരുവർഷത്തെ സാലറിയായി കൊണ്ട് 17 മില്യൺ യുറോയെന്ന ഭീമമായ തുകയാണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ടോണി യുവാൻമാർട്ടിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
PSG Mercato: Paris SG Has €17M per Year Offer on the Table for Barça Star https://t.co/vzsZrqZMr5
— PSG Talk (@PSGTalk) April 29, 2022
എന്നാൽ ഈ ഓഫർ ഇതുവരെ ഡെമ്പലെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. 20 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.പക്ഷെ ഡെമ്പലെ നിലവിൽ ബാഴ്സക്കാണ് മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെ ബാഴ്സയുടെ അന്തിമ ഓഫറിനായുള്ള കാത്തിരിപ്പിലാണ് നിലവിൽ ഡെമ്പലെയുള്ളത്.
സീസണിന്റെ തുടക്കത്തിൽ മികവിലേക്ക് ഉയരാൻ ഡെമ്പലെക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ സാവിക്ക് കീഴിൽ മികച്ച പ്രകടനം നടത്താൻ ഡെമ്പലെക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ലാലീഗയിൽ കളിച്ച 17 മത്സരങ്ങളിൽ നിന്ന് 11 അസിസ്റ്റുകൾ കരസ്ഥമാക്കാൻ ഡെമ്പലെക്ക് കഴിഞ്ഞിട്ടുണ്ട്.