ബാഴ്സ വൈകി ഫോമിലെത്തിയത് റയലിന്റെ ഭാഗ്യം : ഡാനി ആൽവെസ്

ഈ സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനമായിരുന്നു സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ നടത്തിയിരുന്നത്. നിരവധി തോൽവികൾ വഴങ്ങിയ അവർ പോയിന്റ് ടേബിളിൽ ഏറെ പിറകിലായിരുന്നു.എന്നാൽ സാവി വന്നതോട് കൂടി ബാഴ്സയുടെ സമയം തെളിഞ്ഞു. വലിയ അപരാജിത കുതിപ്പ് നടത്തിയ ബാഴ്സ നിലവിൽ ലാലിഗയിൽ രണ്ടാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള റയൽ കിരീടത്തിന്റെ തൊട്ടരികിലെത്തി കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ബാഴ്സ സൂപ്പർ താരമായ ഡാനി ആൽവെസ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. ബാഴ്സ വൈകി ഫോമിലേക്കുയർന്നത് റയലിന്റെ ഭാഗ്യമാണ് എന്നാണ് ആൽവെസ് പറഞ്ഞിട്ടുള്ളത്.കൂടാതെ ഇന്നലത്തെ റയൽ സോസിഡാഡിനേതിരെയുള്ള മത്സരവും ഇദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. ഡാനി ആൽവസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ വൈകിയാണ് ഫോമിലേക്ക് ഉയർന്നത് എന്ന കാര്യത്തിൽ റയൽമാഡ്രിഡ് ഭാഗ്യവാന്മാരാണ്. കാരണം ഞങ്ങൾക്കിപ്പോൾ കിരീടത്തിന് വേണ്ടി പോരടിക്കാൻ കഴിയുന്നില്ല. നിലവിൽ ഞങ്ങൾ മറ്റൊരു ലക്ഷ്യത്തെ കുറിച്ചാണ് ചിന്തിക്കുന്നത്.ഇന്നത്തെ മത്സരത്തിന്റെ ആദ്യപകുതി ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. നല്ല രൂപത്തിൽ പ്രസ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു.പക്ഷേ പിന്നീട് കാര്യങ്ങൾ മാറി. അവരിങ്ങോട്ട് പ്രസ് ചെയ്യാൻ തുടങ്ങി. അതിന്റെ ബുദ്ധിമുട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫുട്ബോളിൽ വിജയം നേടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഞങ്ങൾ വിജയം സ്വന്തമാക്കി ” ഇതാണ് ഡാനി ആൽവെസ് പറഞ്ഞിട്ടുള്ളത്.

മത്സരത്തിന്റെ 66-ആം മിനുട്ടിൽ പരിക്കേറ്റ് കൊണ്ട് ആൽവെസ് കളം വിട്ടിരുന്നു. എന്നാൽ കുഴപ്പങ്ങളൊന്നുമില്ല എന്നാണ് ഇതേക്കുറിച്ച് ആൽവെസ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *