ബാഴ്സ വിടുമോ? പ്രതികരണവുമായി ആർതർ
ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർ താരം ആർതറിനെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ രണ്ട് ദിവസമായി ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. താരം ബാഴ്സ വിടുമെന്നും യുവന്റസിലേക്ക് കൂടുമാറിയേക്കുമെന്നുമുള്ള വാർത്തകളാണ് ഇതിൽ മുൻപന്തിയിൽ. താരത്തെ കൈമാറ്റകച്ചവടത്തിലൂടെ ബാഴ്സ വിട്ടുകളയുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്. കൂടാതെ ടോട്ടൻഹാമും താരത്തിന് വേണ്ടി രംഗത്തുണ്ടെന്നും ആർതർ ടോട്ടൻഹാമിലേക്ക് പോവാനും സാധ്യതയുണ്ടെന്ന് ചിലർ വിലയിരുത്തിയിരുന്നു. എന്നാലിപ്പോഴിതാ ഈ ഊഹാപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ആർതർ. മറ്റൊരു ക്ലബ്ബിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ബാഴ്സയിൽ സന്തോഷവാനാണെന്നും ബാഴ്സയിൽ തന്നെ തുടരുമെന്നും ആർതർ അറിയിച്ചു.
“ഒരുപാട് ഊഹാപോഹങ്ങൾ എന്നെ കുറിച്ച് പ്രചരിക്കുന്നുണ്ട്. പക്ഷെ എല്ലാ ബഹുമാനത്തോട് കൂടിയും ഞാനെന്റെ അഭിപ്രായം അറിയിക്കുകയാണ്. ബാഴ്സയിൽ തുടരുക എന്നത് തന്നെയാണ് എനിക്ക് താല്പര്യം തോന്നിയ ഏകകാര്യം. ഞാനിപ്പോൾ സന്തുഷ്ടവാനാണ്. ക്ലബും സ്റ്റാഫുകളും എന്നിലർപ്പിച്ച വിശ്വാസം വളരെ നല്ലതായാണ് അനുഭവപ്പെടുന്നത്. ക്ലബിൽ തുടരുന്നതിനുള്ള മറ്റൊരു കാരണം ഇതും കൂടിയാണ്. മറ്റുള്ള വലിയ വലിയ ക്ലബുകൾ തന്നെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ഒരുപാട് വർഷം ഇവിടെ തന്നെ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവിടുത്തെ ആരാധകരെയും അവരുടെ പിന്തുണയെയും അവരുടെ സംസ്കാരത്തെയും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അത്കൊണ്ട് തന്നെ ഓരോ ദിവസം എനിക്ക് കൂടുതൽ അനുയോജ്യമായ സ്ഥലമായി ഇവിടം മാറുകയാണ് ” ആർതർ പറഞ്ഞു.