ബാഴ്സ രണ്ടും കല്പിച്ച് തന്നെ,ഒൽമോക്ക് വേണ്ടിയും വമ്പൻ ഓഫർ നൽകി
ഇപ്പോൾ അവസാനിച്ച യൂറോ കപ്പിൽ തകർപ്പൻ പ്രകടനം നടത്തി കൊണ്ടാണ് വമ്പൻമാരായ സ്പെയിൻ കിരീടം നേടിയത്.സ്പെയിനിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ രണ്ട് സൂപ്പർ താരങ്ങളാണ് നിക്കോ വില്യംസും ഡാനി ഒൽമോയും.ഈ രണ്ട് താരങ്ങളെയും തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കാൻ വേണ്ടി വമ്പൻമാരായ എഫ്സി ബാഴ്സലോണ ശ്രമിക്കുന്നുണ്ട്.യൂറോ കപ്പിൽ തിളങ്ങിയ മറ്റൊരു സ്പാനിഷ് താരമായ ലാമിൻ യമാൽ ബാഴ്സയുടെ തന്നെ താരമാണ്.
നിക്കോ വില്യംസിന് വേണ്ടിയുള്ള നീക്കങ്ങൾ ബാഴ്സ നേരത്തെ ആരംഭിച്ചിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം നിക്കോ ബാഴ്സയോട് യെസ് പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ ക്ലബ്ബായ അത്ലറ്റിക്കോ ബിൽബാവോയുമായാണ് ധാരണയിൽ എത്തേണ്ടത്. താരത്തിന് വേണ്ടി 58 മില്യൺ യൂറോ മുടക്കാൻ ബാഴ്സലോണ തയ്യാറായി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ നിക്കോയെ കൂടാതെ ഡാനി ഒൽമോയേയും എത്തിക്കണം എന്നുള്ള ഒരു നിശ്ചയദാർഢ്യത്തിലാണ് ബാഴ്സലോണയുള്ളത്. അവരുടെ പ്രസിഡണ്ട് ആയ ലാപോർട്ട ഈ രണ്ട് താരങ്ങളെയും സ്വന്തമാക്കാൻ സ്പോർട്ടിംഗ് ഡയറക്ടറായ ഡെക്കോക്ക് നിർദ്ദേശം നൽകിയിരുന്നു.ഇപ്പോൾ ഒൽമോക്ക് വേണ്ടിയുള്ള ശ്രമങ്ങളും ബാഴ്സ വേഗത്തിലാക്കിയിട്ടുണ്ട്.താരത്തിന്റെ ഏജന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞു. ആറു വർഷത്തെ ഒരു വമ്പൻ ഓഫർ താരത്തിന് ബാഴ്സലോണ നൽകി എന്നാണ് റിപ്പോർട്ടുകൾ.
ജർമൻ ക്ലബ്ബായ ആർബി ലെയ്പ്സിഗിന് വേണ്ടിയാണ് ഒൽമോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. 60 മില്യൺ യൂറോ വരെ താരത്തിനു വേണ്ടി ചിലവഴിക്കാൻ ബാഴ്സലോണ തയ്യാറായി എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രണ്ട് താരങ്ങൾക്കും വേണ്ടി നൂറ്റിഇരുപത് മില്യൺ യൂറോ ബാഴ്സ ചെലവഴിച്ചേക്കും. 2 താരങ്ങളെയും സ്വന്തമാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ക്ലബ്ബ് ഇപ്പോൾ ഉള്ളത്.