ബാഴ്സ പഴയ ബാഴ്സയാവില്ല, നിർണായക മാറ്റം വരുത്തുന്നുവെന്ന് ഫ്ലിക്ക്!
വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയുള്ളത്. പരിശീലകനായിരുന്ന ചാവിക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്. മുൻപ് ബയേണിനേയും ജർമ്മനിയെയുമൊക്കെ പരിശീലിപ്പിച്ച ഹാൻസി ഫ്ലിക്കാണ് ബാഴ്സയുടെ പരിശീലകൻ.നേരത്തെ ബയേണിന് ഒരു വർഷത്തിൽ 6 കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകൻ കൂടിയാണ് ഫ്ലിക്ക്.
ബാഴ്സയെ മൊത്തത്തിൽ അഴിച്ചു പണിയാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ബാഴ്സയുടെ പരമ്പരാഗത കളി ശൈലിയായ പൊസഷൻ ഗെയിം അവസാനിപ്പിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. മറിച്ച് കൂടുതൽ അഗ്രസീവായ ഫുട്ബോൾ കളിക്കാനാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. കൂടുതൽ നേരം പന്ത് കൈവശം വെക്കുക എന്നതിനേക്കാളുപരി കൂടുതൽ അറ്റാക്ക് നടത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ തന്ത്രം. ഇത് കഴിഞ്ഞ ദിവസം ഫ്ലിക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇവിടുത്തെ ട്രഡീഷൻ എന്നുള്ളത് പാസ്സിംഗ് ഗെയിമാണ്. പക്ഷേ നേരെ ഗോളിലോട്ട് കടക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗോൾ നേടുന്നതിൽ ക്ലബ്ബ് കൂടുതൽ ശ്രദ്ധ പുലർത്തണം. എന്റെ ശൈലിയിൽ ഞാൻ കൂടുതൽ മാറ്റങ്ങൾ ഒന്നും വരുത്തില്ല.ഹൈ പ്രെസ്സിങ് നടത്തും,എതിരാളികളുടെ മധ്യനിരയിൽ വെച്ച് കളി പിടിക്കും, കൂടുതൽ അറ്റാക്കുകള്‍ നടത്തും.എല്ലാത്തിനേക്കാളും ഉപരി വിജയത്തിന് മാത്രമാണ് പ്രാധാന്യം. എനിക്കിപ്പോൾ പറയാൻ സാധിക്കുക ഞങ്ങൾ ആക്ടീവ് ടീം ആയിരിക്കും എന്നതാണ്.താരങ്ങൾക്ക് സാധ്യമായ അത്ര ഫ്രീഡം നൽകുക എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.ഓരോ മത്സരത്തിന് അനുസരിച്ചും ചെറിയ ചെറിയ മാറ്റങ്ങൾ ഞങ്ങൾ വരുത്തും “ഇതാണ് ബാഴ്സയുടെ പുതിയ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അറ്റാക്കിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് തന്നെയാണ് ഈ പരിശീലകൻ വ്യക്തമാക്കുന്നത്. നിലവിൽ മുന്നേറ്റ നിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാൻ തന്നെയാണ് ബാഴ്സലോണ ശ്രമിക്കുന്നത്.നിക്കോ വില്യംസ്,ഡാനി ഒൽമോ എന്നിവരാണ് ബാഴ്സലോണയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.