ബാഴ്സ താരങ്ങളുടെ പരിശോധനഫലം പുറത്ത്, ആശങ്കയില്ല
ലാലിഗ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ലീഗിലെ എല്ലാ താരങ്ങളെയും അധികൃതർ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നീ ക്ലബുകളിലെ താരങ്ങളുടെയെല്ലാം പരിശോധന നടത്തിയത്. ഇതിൽ ബാഴ്സ താരങ്ങളുടെ പരിശോധനഫലം പുറത്തുവന്നതായി റിപ്പോർട്ടുകൾ. സ്പാനിഷ് റേഡിയോയായ ആർഎസി വണ്ണാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എല്ലാ ബാഴ്സ താരങ്ങളുടെയും പരിശോധനഫലം നെഗറ്റീവ് ആണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുണ്ട്.
കൂടാതെ നാളെ മുതൽ താരങ്ങൾക്ക് പരിശീലനം ആരംഭിക്കാം. ഓരോ വ്യക്തികളായിട്ടായിരിക്കും പരിശീലനം നടത്തുക. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ പരിശീലനം നടത്താൻ അനുമതിയൊള്ളൂ. ഒരാഴ്ച്ച കഴിഞ്ഞതിനു ശേഷം മാത്രമേ ചെറിയ ഗ്രൂപ്പുകളായി പരിശീലനം നടത്തുകയൊള്ളൂ. കഴിഞ്ഞ ദിവസം ബുണ്ടസ്‌ലിഗ അധികൃതർ താരങ്ങൾക്കിടയിലും സ്റ്റാഫുകൾക്കിടയിലും നടത്തിയ പരിശോധനയിൽ പത്ത് പേർക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് ചെറിയ തോതിൽ ആശങ്ക സൃഷ്ടിച്ചിരുന്നുവെങ്കിലും ബാഴ്സയുടെ ഈ ഫലം ആരാധകരുടെ ആശങ്കയകറ്റി.