ബാഴ്സ ചെയ്ത ചരിത്രപരമായ തെറ്റാണ് മെസ്സിയെ പോകാൻ അനുവദിച്ചത്: ജേണലിസ്റ്റ്!

2021ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണ വിടേണ്ടിവന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു മെസ്സി ബാഴ്സ വിട്ടത്. പിന്നീട് പിഎസ്ജിയിലേക്കെത്തിയ ലയണൽ മെസ്സി ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.ഇപ്പോൾതന്നെ ഈ സീസണിൽ 23 ഗോളുകളിൽ ക്ലബ്ബിനുവേണ്ടി പങ്കാളിത്തം അറിയിക്കാൻ മെസ്സിക്ക് സാധിച്ചു.

അതേസമയം മെസ്സി പോയതിനു ശേഷം ബാഴ്സക്ക് കഷ്ടകാലമാണ്. തുടർച്ചയായ രണ്ടാം തവണയാണ് ഇപ്പോൾ എഫ്സി ബാഴ്സലോണ യൂറോപ ലീഗ് കളിക്കാൻ ഒരുങ്ങുന്നത്. മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. ഇതേക്കുറിച്ച് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ പബ്ലോ ഗിറാൾട്ട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. അതായത് ബാഴ്സ ചെയ്ത ചരിത്രപരമായ തെറ്റാണ് മെസ്സിയെ പോകാൻ അനുവദിച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഡയറക്ട് ടിവി സ്പോർട്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരിക്കൽ കൂടി ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായിരിക്കുന്നു. മെസ്സിയില്ലാത്ത രണ്ട് സീസണുകളിലും ബാഴ്സക്ക് യൂറോപ ലീഗ് കളിക്കേണ്ടിവരുന്നു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.മെസ്സിയില്ലെങ്കിൽ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിൽ ഒന്നുമില്ല. എഫ്സി ബാഴ്സലോണ ചെയ്ത ചരിത്രപരമായ തെറ്റ് എന്നുള്ളത് ലയണൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ അദ്ദേഹത്തെ കൈവിട്ടു കളഞ്ഞു എന്നുള്ളതാണ് ” ഗിറാൾട്ട് പറഞ്ഞു.

ലയണൽ മെസ്സിയുടെ അഭാവം യഥാർത്ഥത്തിൽ ബാഴ്സക്ക് തിരിച്ചടി തന്നെയാണ്. എന്നാൽ ഈ സീസണിൽ ഒരുപാട് മികച്ച താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു. എന്നിട്ട് പോലും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയാത്തതാണ് വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *