കൈക്കൂലി കേസ് : ബാഴ്സക്കെതിരെ കുറ്റം ചുമത്തി!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് നെഗ്രയ്ര കേസ്. 17 വർഷക്കാലമായി അവർ സ്പെയിനിലെ റഫറിമാരുടെ സംഘടനക്ക് കൈക്കൂലി നൽകുന്നുണ്ട് എന്ന ആരോപണം ഉയരുകയായിരുന്നു. ഇക്കാലയളവിൽ സ്പെയിനിലെ റഫറിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടായ നെഗ്രയ്ര ബാഴ്സലോണയിൽ നിന്നും അനധികൃതമായി 7.3 മില്യൺ യുറോ കൈപ്പറ്റിയിട്ടുണ്ട്. ബാഴ്സക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയുള്ള കൈക്കൂലിയാണ് ഇതെന്നാണ് ആരോപണം ഉയർന്നിരുന്നത്.
ഈ വിഷയത്തിൽ ഇപ്പോൾ ബാഴ്സലോണക്കെതിരെ കുരുക്കുകൾ മുറുകുകയാണ്.അതായത് ക്ലബ്ബിനെതിരെ ഫോർമൽ ഇൻവെസ്റ്റിഗേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.മാത്രമല്ല ക്ലബ്ബിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ബാഴ്സലോണ കുറ്റക്കാരാണ് എന്ന് തന്നെയാണ് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഓഫീസിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ബാഴ്സലോണ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തിയിട്ടുണ്ടാവാം എന്ന ഒരു സാധ്യത നേരത്തെ തന്നെ ജഡ്ജ് പങ്കുവെച്ചിരുന്നു.
Barcelona have been charged with suspected bribery for payments worth more than €7 million made to companies linked to the former vice president of the refereeing committee, José María Enríquez Negreira, judicial sources have told Spanish news agency EFE. pic.twitter.com/vl3RrYocc9
— ESPN FC (@ESPNFC) September 28, 2023
എന്നാൽ എഫ്സി ബാഴ്സലോണ അവരുടെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.തങ്ങൾ നിരപരാധികളാണ് എന്ന് തന്നെയാണ് അവർ വാദിക്കുന്നത്. മത്സരങ്ങളെ സ്വാധീനിക്കാൻ വേണ്ടി യാതൊരുവിധ ഇടപാടുകളും നടത്തിയിട്ടില്ല എന്ന് തന്നെയാണ് എഫ്സി ബാഴ്സലോണ വാദിക്കുന്നത്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്നുള്ള ഒരു വിശ്വാസത്തിലാണ് അവർ ഉള്ളത്.
റോയിട്ടേഴ്സ് ന്യൂസ് ഏജൻസിയാണ് ഈ വിവരങ്ങളൊക്കെ പുറത്തുവിട്ടിട്ടുള്ളത്. ഏതായാലും വിശദമായ ഒരു അന്വേഷണം തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ബാഴ്സക്ക് കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ബാഴ്സലോണയുടെ പരിശീലകനായ സാവി ഇത് പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്. ഒരിക്കലും തങ്ങൾക്ക് റഫറിമാരുടെ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് സാവി പറഞ്ഞിട്ടുള്ളത്.