ബാഴ്സലോണ മാഫിയ,വ്യാജ കറൻസി ഗ്രൗണ്ടിലേക്കെറിഞ്ഞു, പ്രതിഷേധം!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സ അത്ലറ്റിക്ക് ക്ലബ്ബിനെതിരെ വിജയം നേടിയത്. ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ നേടിയ ഗോൾ ഒരിക്കൽക്കൂടി ബാഴ്സയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു.ബുസ്ക്കെറ്റ്സിന്റെ അസിസ്റ്റിൽ നിന്നാണ് റാഫിഞ്ഞ ഈ ഗോൾ നേടിയത്.

നിലവിൽ എഫ്സി ബാഴ്സലോണ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. 25 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് ബാഴ്സക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് ഉള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.നിലവിൽ നിരവധി വിവാദ സംഭവങ്ങളിലൂടെയാണ് ബാഴ്സ കടന്ന് പോകുന്നത്.റഫറിയിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റിന് ബാഴ്സ വലിയൊരു തുക നൽകിയതായി കണ്ടെത്തിയിരുന്നു.

അതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ ബാഴ്സയ്ക്ക് നേരിടേണ്ടിവരുന്നുണ്ട്. 2001 മുതൽ 2018 വരെയുള്ള കാലയളവിൽ ഏകദേശം 7 മില്യൺ യുറോയോളം ബാഴ്സ റഫറിക്ക് കൈമാറി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനെതിരെ ഇന്നലെ അത്ലറ്റിക്ക് ക്ലബ്ബ് ആരാധകർ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. വ്യാജ കറൻസി നോട്ടുകൾ മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ അവർ മൈതാനത്തിലേക്ക് എറിയുകയായിരുന്നു.

ബാഴ്സലോണ മാഫിയ എന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി വിമർശനങ്ങൾ ഈ വിഷയങ്ങളിൽ ഇപ്പോൾ ബാഴ്സക്ക് നേരിടേണ്ടിവരുന്നുണ്ട്. കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ വലിയ ശിക്ഷകൾ ഒരുപക്ഷേ ക്ലബ്ബിന് നേരിടേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *