ബാഴ്സലോണയെ പരിശീലിപ്പിക്കാൻ തയ്യാറായതായി സാവി

ബാഴ്സലോണയെ പരിശീലിപ്പിക്കാൻ താനും തന്റെ ടെക്നിക്കൽ സ്റ്റാഫും തയ്യാറായതായി മുൻ ബാഴ്സ ഇതിഹാസം സാവിയുടെ അറിയിപ്പ്. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം തന്റെ ഭാവി പരിപാടികളെ കുറിച്ച് വെളിപ്പെടുത്തിയത്. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്സയെ പരിശീലിപ്പിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും തന്റെ ടെക്നിക്കൽ സ്റ്റാഫുകൾ അതിനുള്ള ഒരുക്കത്തിലുമാണ് എന്നായിരുന്നു സാവി പ്രസ്താവിച്ചത്. ബാഴ്സയെ പരിശീലിപ്പിക്കാൻ തനിക്കാവുമെന്നും എന്നാൽ എപ്പോൾ മുതൽ എന്നുള്ളത് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബാഴ്സ പരിശീലകൻ സെറ്റിയന്റെ ഭാവി തുലാസിലാണ്. ടീം എന്ന നിലയിൽ ബാഴ്സക്ക് കാര്യമായിട്ട് ഒന്നും നൽകാൻ സെറ്റിയന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ടീമിലെ പ്രമുഖ താരങ്ങൾക്ക് പരിശീലകനോട് അസ്വാരസ്വങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. ബാഴ്സയുടെ സ്ഥിതി ഇനിയും വഷളായാൽ സെറ്റിയൻ തൽസ്ഥാനത്ത് കാണില്ല. അതിനാൽ തന്നെ പരിഗണിക്കപ്പെടുന്ന പേരുകളിൽ മുൻപന്തിയിൽ സാവി ഉണ്ടാവുമെന്നിരിക്കെയാണ് അദ്ദേഹം പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

” എന്റെ നിലവിലെ ഏറ്റവും വലിയ ആഗ്രഹം എന്തെന്നാൽ ബാഴ്സയെ പരിശീലിപ്പിക്കുകയും പഴയ പോലെ വിജയങ്ങളെ തിരികെ കൊണ്ടുവരികയെന്നുമാണ്. എന്റേത് മാത്രമല്ല, ബാഴ്സയിലുള്ള എല്ലാ താരങ്ങളും ബാഴ്സയുടെ വിജയദിവസങ്ങളെ തിരികെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇതിന്റെ മുന്നോടിയെന്നോണം എന്റെ ടെക്നിക്കൽ സ്റ്റാഫുകൾ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബാഴ്‌സയെ പരിശീലിപ്പിക്കുന്നതിൽ അവർ അതീവതല്പരരാണ്. തീർച്ചയായും ഞാൻ എന്നും ബാഴ്സയുടെ വ്യക്തിയാണ്. ശരിയായ സമയത്ത് ബാഴ്‌സയിലേക്ക് മടങ്ങാനും ഒന്നുമില്ലായ്മയിൽ നിന്ന് പുനരാരംഭിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. ബാഴ്സയിൽ വെച്ചാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഞാൻ ഒരുപാട് തവണ ആവർത്തിച്ചതാണ്. തീർച്ചയായും തിരഞ്ഞെടുക്കാനുള്ള പ്രക്രിയ ഒക്കെ നടക്കുന്നുണ്ട്. ഞാൻ ആരെയും സമ്മർദ്ദത്തിലാക്കുന്നില്ല. അവർ ജനുവരിയിൽ എന്റടുത്തു വരികയും ഞങ്ങൾ സംസാരിക്കുകയും ചെയ്തതാണ്. അന്ന് ഞാനവരോട് പറഞ്ഞത് ഇത് ശരിയായ സമയമല്ല എന്നാണ്. തീർച്ചയായും ശരിയായ സമയത്ത് ഞാൻ ബാഴ്സയിലേക്കെത്തും ” സാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *