ബാഴ്സയെ നയിക്കാൻ ഞാൻ തന്നെയാണ് പ്രാപ്തൻ: തോൽവിക്ക് ശേഷം സാവി പറയുന്നു!

സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ നാണംകെട്ട തോൽവിയാണ് എഫ്സി ബാഴ്സലോണക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.റയൽ മാഡ്രിഡ് അവരെ തച്ചു തകർക്കുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കാണ് റയലിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോൾ മറ്റൊരു ബ്രസീൽ സൂപ്പർ താരം റോഡ്രിഗോയുടെ വകയായിരുന്നു.

ഈ സീസണിൽ മോശം പ്രകടനമാണ് ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്.അതിനുപുറമേ ഈ വലിയ തോൽവിയും കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിശീലകനായ സാവിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. പക്ഷേ ഈ പരിശീലകൻ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. ബാഴ്സയെ മുന്നോട്ടുകൊണ്ടുപോവാൻ പറ്റിയ ആൾ താൻ തന്നെയാണ് എന്നാണ് സാവി വിശ്വസിക്കുന്നത്.മത്സരശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

“വരുന്ന എല്ലാ വിമർശനങ്ങളും സ്വീകരിക്കാൻ ഞാൻ തയ്യാറായിട്ടുണ്ട്.അതിൽ എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല.കാരണം ഈ പ്രോജക്ടിൽ ഞാൻ വിശ്വസിക്കുന്നു. ഞാൻ എന്നിൽ സ്വയം വിശ്വസിക്കുന്നു.എന്റെ താരങ്ങളിൽ വിശ്വസിക്കുന്നു. ഇതെല്ലാം മാറ്റിമറിക്കാൻ ഞങ്ങൾക്ക് കഴിയും.ഇനിയും മൂന്നു കിരീടങ്ങൾ അവശേഷിക്കുന്നുണ്ട്.ഇത് കനത്ത തിരിച്ചടിയാണ്.പക്ഷേ സ്പോർട്സിൽ ഇതൊക്കെ സാധാരണമാണ്. ഞാൻ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്,കരുത്തനാണ്.ആരാധകരോട് എനിക്ക് പറയാനുള്ളത്,ഈ ക്ലബ്ബിനോടൊപ്പം കിരീടങ്ങൾ നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞവർഷം നമ്മൾ ഈ കിരീടം നേടിയതാണ്. അപ്പോൾ പുതിയ യുഗം ആരംഭിച്ചു എന്ന് നമ്മൾ കരുതി. പക്ഷേ നമ്മൾ ഒന്ന് റീസെറ്റ് ചെയ്യേണ്ട സമയമായി. കിരീടങ്ങൾക്ക് വേണ്ടി നമുക്ക് പോരാടണം “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ നാലാം സ്ഥാനത്താണ് നിലവിൽ ബാഴ്സലോണ ഉള്ളത്.ഒന്നാം സ്ഥാനക്കാരുമായി എട്ടു പോയിന്റിന്റെ വ്യത്യാസം നിലനിൽക്കുന്നുണ്ട്. നിലവിലെ അവസ്ഥയിൽ ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടുക എന്നുള്ളത് ബാഴ്സയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *