ബാഴ്സയെ തോൽപ്പിച്ച് സെക്കന്റ് ഡിവിഷനിൽ,റയൽ മാഡ്രിഡിന്റെ സ്റ്റേഡിയം തകർന്നു,വീഡിയോ!
പ്രിമേറ ഡിവിഷനിൽ നടന്ന ആദ്യപാദ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ബി ടീമായ കാസ്റ്റില്ല എഫ്സി ബാഴ്സലോണയുടെ യൂത്ത് ടീമിനോട് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ മൈതാനത്ത് വെച്ച് കാസ്റ്റില്ല പരാജയപ്പെട്ടത്.എന്നാൽ രണ്ടാം പാദത്തിൽ അതിഗംഭീരമായ തിരിച്ചുവരവാണ് റയൽ മാഡ്രിഡിന്റെ ബി ടീം കാഴ്ചവച്ചത്.
സ്വന്തം മൈതാനമായ ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണയെ കാസ്റ്റില്ല പരാജയപ്പെടുത്തിയത്. ഇതോടെ അഗ്രിഗേറ്റിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് കാസ്റ്റില്ല വിജയിക്കുകയും ചെയ്തു. മാത്രമല്ല അടുത്ത സീസണിലെ സെക്കൻഡ് ഡിവിഷനിലേക്ക് യോഗ്യത നേടാനും ഇപ്പോൾ റയൽ മാഡ്രിഡ് കാസ്റ്റില്ലക്ക് സാധിച്ചിട്ടുണ്ട്.
ഇതിനെക്കാൾ ഉപരി ഈ മത്സരം ശ്രദ്ധ നേടിയത് മറ്റൊരു സംഭവത്തിന്റെ പേരിലാണ്. അതായത് മത്സരത്തിന്റെ 95ആം മിനിട്ടിലാണ് റയൽ മാഡ്രിഡിന് അനുകൂലമായ പെനാൽറ്റി ലഭിക്കുന്നത്. സൂപ്പർ താരം സെർജിയോ അരിബാസ് ആ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയും അഗ്രിഗേറ്റിൽ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ ഗോൾ നേടിയതിനു ശേഷം അരിബാസ് റയൽ ആരാധകർക്ക് തടിച്ചു കൂടി നിൽക്കുന്ന സ്റ്റാൻഡിന്റെ സമീപത്തേക്കാണ് പോയത്. ആരാധകർ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കാൻ വേണ്ടി ആ സ്റ്റാൻഡിലേക്ക് എത്തുകയായിരുന്നു.
എന്നാൽ അമിതമായ ആരാധകരുടെ ഭാരം താങ്ങാൻ കഴിയാതെ ആ സ്റ്റാൻഡ് തകർന്നുവീഴുകുകയായിരുന്നു. ആരാധകർ കൂട്ടത്തോടെ മൈതാനത്തേക്ക് വീഴുന്നകാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. അതിന്റെ വീഡിയോ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണ്. എന്നാൽ ആർക്കും വലിയ രൂപത്തിലുള്ള പരിക്കുകൾ ഒന്നും ഇല്ലാത്തത് ആശ്വാസകരമായ കാര്യമാണ്. ഒരു ആരാധകന് മാത്രമാണ് ആങ്കിളിൽ അസ്വസ്ഥത അനുഭവപ്പെട്ടിട്ടുള്ളത്.
Se han subido a la valla los del Castilla y se ha caído. No tenía mucha altura, pero se han pegado un guarrazo guapo
— Diego Ojeda (@DiegoOjeda724) June 11, 2023
pic.twitter.com/qIUG47iQR1
സ്റ്റേഡിയം തകർന്നുവീഴുന്നത് സ്പാനിഷ് ഫുട്ബോളിലൊക്കെ അപൂർവ്വമാണെങ്കിലും നമ്മുടെ നാട്ടിൽ പലപ്പോഴും കാണപ്പെടുന്ന ഒരു കാര്യമാണ്. കഴിഞ്ഞവർഷം കൂടി വലിയ രൂപത്തിലുള്ള അപകടങ്ങൾ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. ഏതായാലും റയലിന്റെ സ്റ്റേഡിയം തകർന്നുവീണത് മാധ്യമങ്ങൾ എല്ലാവരും വാർത്തയാക്കിയിട്ടുണ്ട്.