ബാഴ്സയെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ യുവേഫ!
കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി വിവാദങ്ങളിലൂടെയാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കടന്നുപോകുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്ന ക്ലബ്ബാണ് ബാഴ്സ. ഇതിന് പുറമെയാണ് ഇപ്പോൾ കൈക്കൂലി വിവാദവും വലിയ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.
അതായത് റഫറിയിങ് കമ്മറ്റിയുടെ വൈസ് പ്രസിഡന്റിന്റെ കമ്പനിക്ക് 7 മില്യൺ യൂറോയോളം എഫ്സി ബാഴ്സലോണ നൽകി എന്ന് കണ്ടെത്തുകയായിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. എഫ്സി ബാഴ്സലോണയുടെ മുൻ പ്രസിഡന്റായ ബർതോമ്യു ഉൾപ്പെടെയുള്ളവർക്ക് അന്വേഷണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ബാഴ്സ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ തീർച്ചയായും അത് വലിയ നാണക്കേട് തന്നെയായിരിക്കും.
Goal: Barça fear possible UEFA sanction over Negreira referee case https://t.co/37dHhLcVxV
— SPORT English (@Sport_EN) March 10, 2023
ഈ വിഷയത്തിൽ ഇപ്പോൾ യുവേഫയും റിപ്പോർട്ട് തേടിയിട്ടുണ്ട്.അതായത് യുവേഫയുടെയും ചാമ്പ്യൻസ് ലീഗിന്റെയും പേരിനും പ്രശസ്തിക്കും കോട്ടം തട്ടിക്കുന്ന പ്രവർത്തികൾ എന്തെങ്കിലും ക്ലബ്ബുകളുടെ ഭാഗത്തുനിന്നുണ്ടായാൽ അവർക്കെതിരെ നടപടി എടുക്കാനുള്ള അധികാരം യുവേഫക്കുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും പ്രവർത്തികൾ ബാഴ്സയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ എന്നാണ് യുവേഫ തേടിയിരിക്കുന്നത്. സമീപകാലത്ത് ബാഴ്സയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങളിൽ യുവേഫക്ക് കടുത്ത എതിർപ്പുണ്ട്.
അതുകൊണ്ടുതന്നെ വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് ബാഴ്സ യോഗ്യത നേടിയാൽ അവരെ വിലക്കാൻ യുവേഫ ആലോചിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.യുവേഫക്ക് വിലക്ക് കൂടി ഈ അവസരത്തിൽ നേരിടേണ്ടി വന്നാൽ അതും ബാഴ്സക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഏതായാലും ഏത് രൂപത്തിലുള്ള ഒരു തീരുമാനത്തിലെക്കായിരിക്കും യുവേഫ പോവുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.